കരീലക്കുളങ്ങര സ്കൂളിൽ ഭക്ഷ്യ വിഷബാധ; 40ഓളം കുട്ടികൾ ആശുപത്രിയിൽ

കായംകുളം: കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദിയും വയറിളക്കവുമായി 40ഓളം പേരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടി. ഛർദിയും വയറിളക്കവും പനിയടക്കം അസ്വസ്ഥതകളാണ് പലരും പ്രകടിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. കൂടുതൽ പേർ ചികിത്സതേടി എത്തുന്നത് ആശങ്കക്കിടയാക്കി. ഇവർക്കായി ഗവ. ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കിയത് ചികിത്സ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിൽനിന്നാകാമെന്നാണ് പ്രാഥമിക നിഗമനം. ചോറ്​, സാമ്പാർ, തോരൻ എന്നിവയായിരുന്നു വിഭവങ്ങൾ. വെള്ളിയാഴ്ച വൈകീട്ടാണ് പലരും അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. രാത്രിതന്നെ പലരും ചികിത്സ തേടി. ശനിയാഴ്ചയാണ് കൂടുതൽ പേർക്ക്​ ലക്ഷണങ്ങൾ പ്രകടമായത്​. ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിലെത്തി പരിശോധനക്കായി ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയുമടക്കം സാമ്പിൾ ശേഖരിച്ചു. 593 കുട്ടികളും 19 അധ്യാപകരും ഉച്ചഭക്ഷണം കഴിച്ചതായി അധികൃതർ പറഞ്ഞു. യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ പി. ശശികല, സ്ഥിരംസമിതി അധ്യക്ഷരായ ഫർസാന ഹബീബ്, ഷാമില അനിമോൻ, എ.ഇ.ഒ സിന്ധു, ബി.പി.ഒ ദീപ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സനുജ, ഹെഡ്മിസ്ട്രസ് മിനിമോൾ, പി.ടി.എ പ്രസിഡന്‍റ്​ മുബീർ എസ്. ഓടനാട് തുടങ്ങിയവർ ആശുപത്രിയിലെത്തി. ചിത്രം: APLKY1SCHOOL ഭക്ഷ്യ വിഷബാധയെ തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സതേടിയ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.