ആലപ്പുഴ: മലയാളവർഷപ്പിറവി ദിനമായ ‘ചിങ്ങം’ ഒന്ന് വീണ്ടുമെത്തുമ്പോൾ പഴമക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 67 വർഷം മുമ്പ് നടന്ന ആലപ്പുഴ ജില്ലയുടെ പ്രഖ്യാപനമാണ്. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ജില്ല കോടതിവളപ്പിൽ തെങ്ങിൻ തൈ നട്ടായിരുന്നു ആ നിമിഷത്തെ ധന്യമാക്കിയത്. അന്ന് സജീവമായിരുന്ന കയർ ഫാക്ടറികളില്‍നിന്ന് മുഴങ്ങിയ സൈറണുകളും ക്രൈസ്തവ ദേവാലയങ്ങളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും ഉയർന്ന കൂട്ടമണിനാദവും അകമ്പടിയായി കതിനകളും മുഴങ്ങി.
ആഘോഷത്തിന് പൊലിമകൂട്ടി നഗരത്തിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ദീപാലങ്കൃതമായിരുന്നു. സ്വാതന്ത്ര്യദിനം ആഘോഷിച്ച് രണ്ടുദിവസം കഴിഞ്ഞുള്ള ആഘോഷം അന്നത്തെ ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) ആയിരുന്നു. ചടങ്ങിൽ ടി.വി. തോമസ്, കെ.ആർ. ഗൗരിയമ്മ, ഡോ. എ.ആർ. മേനോൻ, പി.കെ. ചാത്തൻ, കെ.പി. ഗോപാലൻ തുടങ്ങിയവർ അതിഥികളായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഐഷാഭായിയും ചീഫ് സെക്രട്ടറി രാഘവൻ ആചാരിയും പുഞ്ച സ്പെഷൽ ഓഫിസറായിരുന്ന എൻ.പി. ചെല്ലപ്പൻ നായരുമൊക്കെ പ്രധാന സംഘാടകരായി. ഇല്ലായ്മയുടെയും വല്ലായ്മയുടെയും ചൂഴിയിലേക്ക് വീണുപോയ ഒരുജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്നതായിരുന്നു ഈ പ്രഖ്യാപനം.
തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വാണിജ്യ നഗരമായിരുന്നു ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴ. 50കളിൽ ട്രെയിൻഗതാഗത സൗകര്യം ആലപ്പുഴയില്‍ വരാതെ എറണാകുളത്തുനിന്ന് കോട്ടയം വഴി പോയപ്പോൾ തളര്‍ച്ച കൂടുതല്‍ പരിതാപകരമായി. അന്ന് എറണാകുളത്തേക്കാള്‍ വലിയ പട്ടണവും വാണിജ്യകേന്ദ്രവുമായിരുന്ന ആലപ്പുഴയുടെ തളര്‍ച്ച ജനസമൂഹത്തില്‍ പ്രതിഫലിച്ചു.
1956 നവംബര്‍ എട്ടിന് ആലപ്പുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസും കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ പ്രസിഡന്റായിരുന്ന ടി.എ. അബ്ദുള്ളയും ജില്ല ഉടന്‍ അനുവദിക്കണമെന്ന വലിയ ബാനറുമേന്തി ജാഥ നടത്തി. തിരു-കൊച്ചി നിയമസഭാംഗം കൂടിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്. ഗൗരിയമ്മ സജീവമായി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു.
1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റു. ജില്ല രൂപവത്കരണത്തിനായുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്ന ടി.വി. തോമസും കെ.ആര്. ഗൗരിയമ്മയും മന്ത്രിസഭയില്‍ അംഗങ്ങളായതോടെ കാര്യങ്ങള്‍ സുഗമമായി. മന്ത്രിസഭ യോഗത്തില്‍ ഇരുവരും ആലപ്പുഴ ജില്ലക്കായി വാദിച്ചു. ജില്ല രൂപവത്കരണപ്രക്ഷോഭത്തിന് കൊടിപിടിച്ച കൈകള്‍ ജില്ല അനുവദിച്ചുള്ള ഉത്തരവില്‍ ഒപ്പിട്ടു. മൂന്നുമാസം കഴിഞ്ഞായിരുന്നു ഔദ്യോഗികപ്രഖ്യാപനവും ആഘോഷവും.
തിരുവല്ല താലൂക്കിനെയും ആലപ്പുഴ ജില്ലയോട് ചേർക്കാൻ കെ.ആർ. ഗൗരിയമ്മ ഏറെ ശ്രമിച്ചു. എന്നാൽ, തിരുവല്ലയെ കോട്ടയം ജില്ലയിൽ ചേർക്കണമെന്ന ആവശ്യം തിരുവല്ലയിലും കുട്ടനാടിന്റെ കിഴക്കൻ മേഖലയിലും ശക്തമായിരുന്നു. എങ്കിലും ഗൗരിയമ്മയുടെ നിലപാട് ആ പ്രദേശങ്ങളെ ആലപ്പുഴയിൽ ചേർക്കുന്നതിൽ വിജയം കണ്ടു. പിന്നീട് പത്തനംതിട്ട ജില്ല രൂപവത്കരിച്ചപ്പോൾ തിരുവല്ലയെ അവിടെ ചേർത്തു. സാഹിത്യകാരനായിരുന്ന എൻ.പി. ചെല്ലപ്പൻ നായരായിരുന്നു ജില്ല രൂപവത്രണത്തിന്റെ സ്പെഷഷൽ ഓഫിസർ. ഇന്നത്തെ ജില്ല കോടതിയുടെ ഒരുഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഓഫിസ്. സിവിൽ സ്റ്റേഷൻ രൂപീകരിക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ അന്ന് കലക്ടറുടെ താൽക്കാലിക ഓഫിസ് പ്രവർത്തിച്ചത് വൈ.എം.സി.എക്ക് കിഴക്കുഭാഗത്തെ കെട്ടിടത്തിലാണ്. കെ.ബി.വാരിയർ ആദ്യകലക്ടറായി.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിളക്കുമാടമായ ആലപ്പുഴയിലെ ലൈറ്റ് ഹൗസ് 1862ലാണ് സ്ഥാപിച്ചത്. കടൽ പാലത്തിന്റെ അറ്റത്തുള്ള ഒരു ദീപമായിരുന്നു ഈസമയത്ത് നാവികർക്ക് ദിശമനസ്സിലാക്കാനുള്ള ഏകമാർഗം. മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. 1861ൽ രാമവർമയുടെ കാലത്ത് നിർമാണം പൂർത്തിയായി. 1862 മാർച്ച് 28ന് വെളിച്ചെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന ദീപം പ്രവർത്തിച്ചുതുടങ്ങിയത്. 1952 മുതൽ ഗ്യാസ് ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുന്ന തരത്തിലുള്ള ദീപം നിലവിൽ വന്നു. 1960ൽ വൈദ്യുതി ലഭ്യമായതോടെ മെസേഴ്സ് ബി.ബി.ടി പാരിസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1998 ഏപ്രിൽ എട്ടിന് ഡയറക്റ്റ് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു. 1999ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.
162 വർഷത്തെ ചരിത്രപാരമ്പര്യത്തിന്റെ അടയാളമാണ് തുരുമ്പെടുത്ത് നശിച്ച ആലപ്പുഴ ബീച്ചിലെ കടൽപ്പാലം. അയർലൻഡുകാരനായ ജയിംസ് ഡാറ 1859ൽ ആലപ്പുഴയിലെത്തി ആദ്യകയർ ഫാക്ടറിക്ക് തുടക്കമിട്ടതോടെയാണ് തുറമുഖം യാഥാർഥ്യമായത്. കയർ ഉൽപ്പന്നങ്ങൾ രാജ്യാന്തരവിപണിയിലേക്ക് കയറ്റി അയച്ചതോടെ തുറമുഖവും വികസിച്ചു.
1862ൽ ഹ്യൂ ക്രാഫോഡ് എന്ന എൻജിനീയർ തുറമുഖത്ത് പുതിയ കടൽപാലം നിർമിച്ചത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കുകയറ്റുമതിയുടെ പ്രധാനകേന്ദ്രമായിരുന്നു.
കയറ്റുമതിയിലും ഇറക്കുമതിയിലും വെല്ലുവിളികളില്ലാതെ 1950 വരെ കടന്നുപോയി. 1935 മുതൽ 1946 വരെയുള്ള കാലയളവിൽ വർഷത്തിൽ 390ലേറെ കപ്പൽ കയറ്റിറക്കുമതിക്കായി വന്നുപോയെന്നാണ് ചരിത്രം. പിന്നീട് കൊച്ചി തുറമുഖം വികസിച്ചതോടെ കച്ചവടക്കാർ ആലപ്പുഴ വിട്ട് കൊച്ചിയിൽ ചേക്കേറി. 1989 ഒക്ടോബർ 11നാണ് ആലപ്പുഴ തുറമുഖത്ത് അവസാന കപ്പൽ നങ്കൂരമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.