ആലപ്പുഴ: ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വഴിച്ചേരി മാർക്കറ്റിൽനിന്ന് ഫോർമാലിൻ ചേർത്ത 92 കിലോ കേരമത്സ്യം പിടിച്ചെടുത്തു. ഇതിനൊപ്പം ചീഞ്ഞ ഏഴു കിലോ സിലോപ്പിയയും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഫോർമാലിൻ ചേർത്ത മത്സ്യം ഉൾപ്പെടെ 99 കിലോ മത്സ്യം പിടികൂടിയത്.
വഴിച്ചേരി മാർക്കറ്റിൽ വ്യാപാരം നടത്തുന്ന അസീസ്, അലക്സാണ്ടർ എന്നിവരുടെ തട്ടുകളിൽനിന്നാണ് ഫോർമാലിൻ ചേർത്ത മത്സ്യം പിടിച്ചത്. അസീസിന്‍റെ തട്ടിൽനിന്ന് 60 കിലോ കേരയും ഏഴുകിലോ ചീഞ്ഞ സിലോപ്പിയയും അലക്സാണ്ടറുടെ തട്ടിൽനിന്ന് 32 കിലോ കേരയുമാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനക്ക് എത്തിയപ്പോൾ മത്സ്യവ്യാപാരികളുമായി നേരിയതോതിൽ വാക്കേറ്റവും ബഹളവുമുണ്ടായി. പൊലീസിനെ വിളിച്ചുവരുത്തിയാണ് നടപടിക്രമം പൂർത്തിയാക്കിയത്. ഇതിന് പിന്നാലെ കുഴിയെടുത്ത് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ ഹിയറിങ് നടത്തിയശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ഭക്ഷ്യസുക്ഷ ജില്ല അസി. കമീഷണർ രഘുനാഥക്കുറുപ്പ്, ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ എം. മീരാദേവി, കുട്ടനാട് സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്ര മേരി തോമസ്, ബിജുരാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.