ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായ മുട്ടാർ പാലത്തിന്റെ നിർമാണം അതിവേഗത്തിൽ. എ.സി കനാലിന് കുറുകെയുള്ള മുട്ടാർ ആർച് പാലത്തിന്റെ കോൺക്രീറ്റിങ് ഞായറാഴ്ച നടക്കും. ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയിൽ ഏറെ വൈകിയാണ് മുട്ടാർ, നീരേറ്റുപുറം പ്രദേശങ്ങളെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന മുട്ടാർ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. എ.സി കനാലിന്റെ വെള്ളമൊഴുക്ക് തടസ്സമാകാത്ത വിധത്തിലാണ് നിർമാണം.
വീതികുറഞ്ഞ പഴയപാലം പൊളിച്ച് വലിയ പാലം നിർമിക്കേണ്ടി വന്നതിനാൽ സമീപനപാതക്കും സർവിസ് റോഡുകൾക്കും കൂടുതൽ സ്ഥലം ഏറ്റെടുത്തതാണ് പ്രശ്നമായത്. നേരത്തേ പഴയ കിടങ്ങറ പാലത്തിന് താഴെയുള്ള ഭാഗത്തെത്തി റോഡിലേക്ക് കയറുന്ന തരത്തിലായിരുന്നു മുട്ടാർ പാലവും റോഡും നിർമിച്ചിരുന്നത്. നിലവിൽ കിടങ്ങറ പാലത്തിന്റെ മധ്യഭാഗത്ത് ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമാണം.
നിലവിൽ മൂന്ന് വലിയ പാലവും അഞ്ച് മേൽപാലവും മൂന്ന് കോസ്വേയും 14 ചെറിയ പാലവും പൂർത്തിയാക്കിയാണ് ഗതാഗതത്തിന് തുറന്നത്.
ഇതിൽ സങ്കേതിക തടസ്സങ്ങൾമൂലം നിർമാണം വൈകിയ പള്ളാത്തുരുത്തി, പണ്ടാരക്കുളം, മുട്ടാർ പാലങ്ങളുടെ നിർമാണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയ ജലപാത ചട്ടംമൂലം ഡിസൈനിൽ മാറ്റംവരുത്തിയതാണ് പള്ളാത്തുരുത്തിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പണ്ടാരക്കുളം പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനാണ് പ്രശ്നം. മാസങ്ങളായി ഈഭാഗത്തെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.
ആദ്യ ഡിസൈനിൽനിന്ന് പാലത്തിന് ഉയരം വർധിപ്പിച്ചതാണ് വൈദ്യുതി ലൈൻ തടസ്സമായത്. ഇതുസംബന്ധിച്ച് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ജില്ല അധികൃതർക്കും വൈദ്യുതി വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി കിടങ്ങറ വലിയപാലത്തിന്സമീപം നിർമാണത്തിലിരിക്കുന്ന മുട്ടാർ ആർച് പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7.30 മുതൽ രാത്രി 8.30 വരെ എ.സി റോഡിൽനിന്ന് മുട്ടാറിലേക്കും തിരിച്ചും ഗതാഗതം നിരോധിച്ചു. ഈ ഭാഗത്തേക്ക് പോകുന്ന എമർജൻസി വാഹനം ഉൾപ്പെടെ മറ്റ് റോഡുകളിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.