ആലപ്പുഴ: നവംബർ ഒന്ന് മുതൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ ബസിലും സീറ്റ്ബെൽറ്റും കാമറയും വേണമെന്ന നിബന്ധനയിൽ വീണ്ടും ഇളവ്.
നിലവിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കുമ്പോൾ സീറ്റ്ബെൽറ്റും കാമറയും ഘടിപ്പിച്ചാൽ മതിയെന്ന ഗതാഗത വകുപ്പിന്റെ പുതിയ നിർദേശമാണ് ആദ്യ ഉത്തരവ് നടപ്പാക്കാൻ തടസ്സമായത്. അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സീറ്റ് ബെൽറ്റും കാമറയും ഉറപ്പാക്കാൻ കഴിയാതെവന്നതോടെയാണ് പിന്നാക്കം പോകല്ലെന്ന് വിലയിരുത്തുന്നു.
നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻ സീറ്റ് യാത്രക്കാരനുമാണ് സീറ്റ്ബെൽറ്റ് നിർബന്ധമാക്കിയ ആദ്യ ഉത്തരവിറങ്ങിയത്. ബസിന്റെ അകവും പുറവും കാണാവുന്ന വിധം രണ്ട് ക്ലോസ്ഡ് സർക്യൂട്ട് കാമറ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. സമയപരിധി നീട്ടി നൽകില്ലെന്ന് ഗതാഗത മന്ത്രിയടക്കമുള്ളവർ പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിൽ സ്വകാര്യ ബസുകൾ നടത്തിയ സൂചന പണിമുടക്കും പുനരാലോചനക്ക് വഴിയൊരുക്കി.
പുതിയ വാഹനങ്ങൾക്ക് സീറ്റ്ബെൽറ്റും കാമറയും നിർബന്ധമാക്കും. എന്നാൽ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ ഫിറ്റ്നസ് പുതുക്കുന്ന വേളയിൽ രണ്ടും ഘടിപ്പിച്ചാൽ മതിയെന്ന നിർദേശം മുന്നോട്ടുവെച്ചത് സ്വകാര്യ ബസ് ഉടമകളാണ്. നിർദേശം നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പ് ബസുകൾ തടഞ്ഞുള്ള പരിശോധന യാത്രക്കാർക്കും ബസ് ഉടമകൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.
സീറ്റ്ബെൽറ്റ് നടപടിക്രമം ജില്ലയിൽ പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന കെ.എസ്.ആർ.ടി.സിയും വിഷയം ഗൗരവമായി എടുത്തിട്ടില്ല. പല ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി അടക്കമുള്ള ബസുകളിൽ ഇനിയും സീറ്റ്ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല. ആലപ്പുഴ ഡിപ്പോയിലെ മിക്ക ബസിലെയും ഡ്രൈവർമാർ വ്യാഴാഴ്ച സീറ്റ്ബെൽറ്റ് ഇല്ലാതെയാണ് ഓടിയത്.
നിർബന്ധമാക്കിയില്ലേയെന്ന് ചോദിച്ചപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ബസുകളിൽ കാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ചീഫ് ഓഫിസിൽനിന്ന് ഇനിയും തീരുമാനം വന്നിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിർദേശം നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്താനാവില്ലെന്ന് ഗതാഗത വകുപ്പിനെ അറിയിച്ചതായും സൂചനയുണ്ട്. പുതിയ ഇളവിന്റെ പിൻബലത്തിൽ നിയമം ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയത്.
ജില്ലയിലെ ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ, കായംകുളം, എടത്വ, മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മിക്ക ബസുകൾക്കും സീറ്റ്ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല. ബസുകളുടെ ഫിറ്റ്ന്സ് പൂർത്തിയാക്കുന്ന മുറക്ക് സീറ്റ്ബെൽറ്റ് കാര്യക്ഷമമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. അതുവരെ കാര്യങ്ങൾ തോന്നുംപടിയാകുമെന്ന് ഉറപ്പാണ്. കാമറയും സീറ്റ്ബെൽറ്റും ബസുകളിലെത്താൻ ഇനിയും കാലതാമസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.