ആലപ്പുഴ: ആശങ്കയുയർത്തി ജില്ലയിൽ കള്ളനോട്ട് വ്യാപകമാകുന്നു. ഇടപാടുകൾ വ്യാപകമാകുമ്പോഴും നടപടികൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ട സംഘങ്ങൾക്കും ലഹരി മാഫിയക്കും ശക്തമായ വേരോട്ടമുള്ള ജില്ല കൂടിയാണ് ആലപ്പുഴ. കള്ളനോട്ടുമായി ബന്ധപ്പെട്ട് കേസുകളിൽ അന്വേഷണം മുഖ്യ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് പ്രശ്നം. വിതരണക്കാരിലും ഇടനിലക്കാരിലും മാത്രമായി അന്വേഷണം ഒതുങ്ങുന്നതാണ് രീതി. എടത്വയിലെ കൃഷി ഓഫിസർ മുഖ്യകണ്ണിയായ കള്ളനോട്ടുകേസാണ് ഒടുവിൽ പുറത്തുവന്നത്. ഇതിലും ഉറവിടത്തിലേക്കെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കായംകുളത്താണ്. രണ്ടായിരം രൂപയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പു നടത്തിയ യുവാവ് അടക്കം ഇവിടെ പിടിയിലായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് 500 രൂപയുടെ കള്ളനോട്ടുമായി കിഴക്കേ കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും യുവതിയെയും നൂറനാട് പൊലീസ് പിടികൂടിയത്. സൂപ്പർ മാർക്കറ്റിൽ നോട്ടു മാറുന്നതിനിടെയാണ് യുവതി പിടിക്കപ്പെട്ടത്. ഇവർക്ക് കള്ളനോട്ട് നൽകിയ മുൻപഞ്ചായത്ത് പ്രസിഡന്റിലേക്ക് അന്വേഷണം എത്തിയെങ്കിലും ഉറവിടം ഇന്നും അജ്ഞാതം. കായംകുളത്തും ആലപ്പുഴയിലും കള്ളനോട്ട് വിതരണം ചെയ്തതിന് പിന്നിൽ ഒരുസംഘമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
സി.സി ടി.വിയും നോട്ടെണ്ണൽ യന്ത്രവും ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലും മറ്റ് ചെറിയ ആവശ്യങ്ങൾക്കും ഉപയോഗിച്ച് മാറിയെടുക്കണമെന്ന നിബന്ധനയോടെയാണ് കള്ള നോട്ട് കൈമാറ്റം. കഴിഞ്ഞ ഒക്ടോബറിലാണ് കായംകുളത്ത് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കായംകുളത്തും പരിസരപ്രദേശങ്ങളിലും കള്ളനോട്ട് വിതരണക്കാരായവർ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരാണെന്ന് കണ്ടെത്തി. റിയൽഎസ്റ്റേറ്റ് മേഖലയിലും കള്ളനോട്ട് ഇടപാട് വ്യാപകമായി നടന്നിരുന്നു. ഇതിനിടെ, നോട്ടിരട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനവും വ്യാപകമാണ്. ഒരുലക്ഷം രൂപ കൊടുത്താൽ മൂന്നുലക്ഷംവരെ കള്ളനോട്ടുകൾ തിരികെ നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.