ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് 13ാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ കടുത്തമത്സരത്തിൽ അച്ഛനെ തോൽപിച്ച് മകന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ ബി. സരിൻകുമാറാണ് പിതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടിന് തോൽപിച്ചത്. വിമതഭീഷണി നേരിട്ട് പഞ്ചായത്ത് ഭരണംപോലും നഷ്ടമായ സി.പി.എം കരുത്ത് തെളിയിച്ചു.
ആകെ 857 വോട്ടർമാരിൽ 685 വോട്ടാണ് പോൾ ചെയ്തത്. സരിൻകുമാർ -315, ബാലകൃഷ്ണൻ -306, എം. ശുഭപ്രഭ (ബി.ജെ.പി) -42, വി.ആർ. അനിൽ (എസ്.യു.സി.ഐ) -22 എന്നിങ്ങനെയാണ് കിട്ടിയ വോട്ടുകൾ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ആർ. രാജേന്ദ്രകുമാർ 24 വോട്ടിനാണ് വിജയിച്ചത്. അന്ന് കോൺഗ്രസിനുവേണ്ടി മത്സരിച്ച വി.എ. ബാലകൃഷ്ണൻ രണ്ടാമതെത്തിയിരുന്നു.
വിജയം സി.പി.എമ്മിന് ആശ്വാസകരവും മുഖം രക്ഷിക്കലുമായി മാറി. സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം വഹിച്ചിരുന്ന ആർ. രാജേന്ദ്രകുമാർ പാർട്ടിയുമായി തെറ്റിയതോടെയാണ് രാമങ്കരിയിലെ പഞ്ചായത്ത് ഭരണം മാറിമറിഞ്ഞത്. ഭിന്നത പരസ്യ പ്രതികരണങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നതോടെ രാജേന്ദ്രകുമാറിനെതിരെ സി.പി.എം തന്നെ അവിശ്വാസം കൊണ്ടുവന്നു.
സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് അവിശ്വാസത്തെ നേരിട്ടതോടെ പരാജയപ്പെട്ട രാജേന്ദ്രകുമാറിന് പ്രസിഡന്റ് പദം ഒഴിയേണ്ടി വന്നു. ഇതോടൊപ്പം പഞ്ചായത്ത് അംഗത്വം കൂടി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 13 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. സി.പി.എമ്മിലെ ഔദ്യോഗികപക്ഷത്തെ നാലുപേരുടെ പിന്തുണയോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.