ആലപ്പുഴ: തുടർച്ചയായി റേഷൻ വാങ്ങാത്ത 4,693 കാർഡുടമകൾ ജില്ലയിൽ ഇതുവരെ മുൻഗണനവിഭാഗത്തിൽനിന്ന് പുറത്തായി. 4,056 പിങ്ക് കാർഡുകാരും 637 മഞ്ഞകാർഡുകാരുമാണ് ഈ വിഭാഗത്തിൽ അയോഗ്യരായത്. സംസ്ഥാന സബ്സിഡി ലഭിക്കുന്ന 1,103 പേർക്ക് നീലകാർഡും നഷ്ടമായി.
റേഷൻ വാങ്ങാത്തതിെൻറ പേരിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് നീലകാർഡ് നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്. മുൻഗണന കാർഡ് കൈവശംവെച്ചിട്ടും മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരെയാണ് വിവിധ ഘട്ടങ്ങളിലായി നീക്കിയത്.
അത്യാവശ്യക്കാരല്ലാത്തതിനാലാണ് ഇവർ റേഷൻ വാങ്ങാത്തതെന്നാണ് പൊതുവിതരണ വകുപ്പിെൻറ കണ്ടെത്തൽ. സ്ഥലത്തില്ലാത്തതിനാലും അംഗീകരിക്കാൻ കഴിയുന്ന മറ്റു കാരണങ്ങൾ കാണിച്ച അർഹരായവരെയും നിലനിർത്തിയിട്ടുണ്ട്. മുൻഗണന വിഭാഗത്തിൽനിന്ന് നീക്കിയവരെ പൊതുവിഭാഗത്തിലേക്കാണ് (വെള്ള കാർഡ്) മാറ്റിയത്. മുൻഗണന കാർഡ് കൈവശംവെച്ച് റേഷൻ വാങ്ങാതിരുന്നവർ അർഹരായവരുടെ അവസരമാണ് നിഷേധിച്ചതെന്നും ഇത്തരത്തിൽ ഒഴിവാക്കിയവർക്ക് പകരമായി മുൻഗണനയിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ അർഹരായവരെ ഉൾപ്പെടുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്വമേധയാ മുൻഗണന റേഷൻ കാർഡുകൾ തിരിച്ചേൽപിച്ച ഒഴിവിലേക്കും അർഹരായവരെ ഉൾപ്പെടുത്തും. തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനക്കാരിലേറെയും അമ്പലപ്പുഴ താലൂക്കിലാണ്. പിങ്ക് കാർഡ് കൈവശംവെച്ച 1,327 പേരും മഞ്ഞകാർഡ് കൈവശംവെച്ച 149 പേരുമാണ് താലൂക്കിൽ റേഷൻ വാങ്ങാതിരുന്നത്. മാവേലിക്കരയാണ് തൊട്ടുപിന്നിൽ. ഇവിടത്തെ 886 പിങ്ക് കാർഡുകാരും 124 മഞ്ഞകാർഡുകാരും റേഷൻ വാങ്ങിയില്ല. ചെങ്ങന്നൂരിലാണ് കുറവ്. ഇവിടെ 315 പിങ്ക് കാർഡുകാരും 53 മഞ്ഞ കാർഡുകാരും മാത്രമാണ് റേഷൻ വാങ്ങാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.