ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴു നിലയിലുള്ള പുതിയ ഒ.പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന് 27ന് വൈകീട്ട് മൂന്നിന് നാടിന് സമര്‍പ്പിക്കും. എച്ച്. സലാം എം.എല്‍.എ, നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ എന്നിവര്‍ ഉദ്ഘാടനത്തിന് മുന്നോടിയായി അവസാനഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ആശുപത്രി സന്ദര്‍ശിച്ചു. ഒരു സെന്ററില്‍നിന്ന് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി മരുന്ന് ലഭ്യമാകുന്ന സംവിധാനം 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ജില്ലയില്‍ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്നതും ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്. കിഫ്ബി ഫണ്ടായ 117 കോടി ചെലവഴിച്ചാണ് ചികിത്സ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയിലെ ആദ്യ എം.ആര്.ഐ സ്കാന്‍, ജീവിതശൈലീരോഗ നിര്‍ണയത്തിനും ചികിത്സക്കുമുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്ററുമടക്കമുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമായിട്ടുള്ളത്.
15 ഒ.പി വിഭാഗം പുതിയ കെട്ടിടത്തിൽ ഏഴ് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി കൗണ്ടര്‍, മെഡിക്കല്‍ ഒ.പി, ഒ.പി ഫാര്‍മസി, ആധുനിക എം.ആര്.ഐ സ്കാന്‍, സി.ടി സ്കാന്‍, അള്‍ട്രാസൗണ്ട് സ്കാന്‍, എക്സ് റേ എന്നിവയാണുള്ളത്. മറ്റു നിലകളിലായി അസ്ഥിവിഭാഗം ഒ.പി, കുട്ടികളുടെ ഒ.പി, ഓഫ്താല്മോളജി ഒ.പി, മാമോഗ്രാം, എന്‍.സി.ഡി ഒ.പി, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, ഡെന്റല്‍ ഒ.പി, ഇ.എന്‍.ടി ഒ.പി, ചെസ്റ്റ് മെഡിസിന് ഒ.പി, സര്‍ജറി ഒ.പി, പി.എം.ആര് ഒ.പി, കാന്‍സര്‍ ഒ.പി എന്നിവയും സൂപ്പര്‍ സ്പെഷാലിറ്റി ഒ.പികളായ കാര്‍ഡിയോളജി, ഗ്യാസ്ട്രോ എന്ററോളജി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പീഡിയാട്രി, മെഡിസിന്, കാന്‍സര്‍ എന്നീ വിഭാഗങ്ങളുടെ ഐ.പി സേവനം കൂടി ഇവിടെ ലഭ്യമാകും. ഏഴാംനിലയില്‍ നൂതനമായ ലബോറട്ടറി, എം.ആര്.എല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം എന്നിവയും പ്രവര്‍ത്തിക്കും. രണ്ടു നില പൂര്‍ണമായും കിടത്തിച്ചികിത്സക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
2020 ഫെബ്രുവരി ഒമ്പതിനാണ് പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.