ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽപെടുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ബുധനാഴ്ച തുറക്കും. രാവിലെ 11ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഒ.പി ബ്ലോക്ക്, 400ലധികം കിടപ്പുരോഗികള്‍, മാനോരോഗ ആശുപത്രി, നഴ്സിങ് കോളജ് ക്വാര്‍ട്ടേഴ്സ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ദ്രവമാലിന്യമാണ് സംസ്കരിക്കുന്നത്.
2025 മാര്‍ച്ച് 31 വരെ നീളുന്ന മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാമ്പയിന്റെ ജില്ലതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ഹരിതകേരള മിഷന്റെ കൂടി സഹകരണത്തോടെയാണ് പരിപാടി. ഇലക്ട്രോ കൊയാഗുലേഷന്‍ (ഇ-കിഡ്) സാങ്കേതികവിദ്യയില്‍ 240 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റിന് 3.05 കോടിയാണ് ചെലവ്. വേണാട് ഡിസൈനേഴ്സ് ആൻഡ് കോൺട്രാക്റ്റേഴ്സാണ് കരാര്‍ കമ്പനി.
ജലത്തിന്റെ ഗുണനിലവാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുവദിച്ച പരിധിയില്‍ താഴെവരുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഈ ജലം പുനരുപയോഗത്തിനായി ടോയ്ലറ്റ് ഫ്ലഷിങ്ങിന് ഉപയോഗിക്കാൻ ഒരു അള്‍ട്രാ ഫില്‍റ്ററേഷന്‍ യൂനിറ്റുകൂടി നഗരസഭ 50 ലക്ഷം രൂപ കൂടി വകയിരുത്തി സ്ഥാപിക്കും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാർ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.