അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് പ്രവർത്തനത്തിന് ബുധനാഴ്ച തുടക്കമാകും. കാർഡിയോളജി, കാർഡിയോ തെറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി വിഭാഗങ്ങളുടെ പ്രവർത്തനമാണ് ആരംഭിക്കുക.
കാർഡിയോളജി -തിങ്കൾ, വ്യാഴം, യൂറോളജി -തിങ്കൾ, ബുധൻ, ന്യൂറോ മെഡിസിൻ -ചൊവ്വ, വെള്ളി, ന്യൂറോ സർജറി -ചൊവ്വ, വെള്ളി, കാർഡിയോ തൊറാസിക് സർജറി -ചൊവ്വ, നെഫ്രോളജി -ബുധൻ, ഗ്യാസ്ട്രോ എന്ററോളജി, പീഡിയാട്രിക് നെഫ്രോളജി -വ്യാഴം ദിവസങ്ങളിലുമാണ് പ്രവർത്തിക്കുകയെന്ന് സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം അറിയിച്ചു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയനാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യത്തോടെ ആറുനിലയിലായി 177 കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
പ്രധാനമന്ത്രി സ്വസ്ത് സുരക്ഷ യോജന പദ്ധതിയിൽ 120 കോടിയും 57 കോടി സംസ്ഥാന സർക്കാർ വിഹിതമായും ചെലവഴിച്ചായിരുന്നു നിർമാണം. സ്പെഷാലിറ്റി വിഭാഗങ്ങള്‍ക്കായി 200 കിടക്ക ഒരുക്കിയിട്ടുണ്ട്. 12 മെഡിക്കല്‍ ഐ.സി.യു, എട്ട് സര്‍ജിക്കല്‍ ഐ.സി.യു എന്നിവയുൾപ്പെടെ 50 ഐ.സി.യു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
നൂതന ഉപകരണങ്ങള്‍ അടക്കം സജ്ജീകരിച്ച ആറ് പോസ്റ്റ് കാത്ത്, സ്റ്റെപ് ഡൗണ്‍ ഐ.സി.യുകൾ പുതിയ ബ്ലോക്കിലുണ്ട്. അത്യാധുനിക ഡയഗ്നോസിസ് യന്ത്രമായ ഡി.എസ്.എ, രോഗ നിർണയത്തിനുള്ള ഫ്ലൂറോസ്കോപ്പി എന്നിവയുമുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരിശോധനക്ക് ശേഷം വിവിധ വിഭാഗങ്ങളായി 15 പി.ജി സീറ്റുകളുടെ അനുമതിയും ലഭിക്കും. തുടർന്ന് പ്ലാസ്റ്റിക് സർജറി എൻഡോക്രൈനോളജി എന്നീ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ കൂടി തുടങ്ങാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.