ആലപ്പുഴ: ഗതകാല സ്മൃതികൾ സമ്മാനിക്കുന്ന കിഴക്കിെൻറ വെനീസിലെ ഐതിഹാസിക മുഹൂർത്തങ്ങൾക്ക് മൂകസാക്ഷിയായ പ്രസിദ്ധമായ മുപ്പാലം ചരിത്രത്തിലേക്ക്. ടൗണിൽനിന്ന് കടപ്പുറത്തേക്കുള്ള റോഡിൽ, ജില്ല പൊലീസ് ആസ്ഥാനവും ജൈന ക്ഷേത്രവും ഇരുകരകളിലായുള്ള കനാലിന് മുകളിലായാണ് ബ്രിട്ടീഷ് എൻജിനീയറിങ് വൈദഗ്ധ്യം വിളിച്ചോതുന്ന മൂന്ന് പാലങ്ങൾ നിർമിച്ചിരിക്കുന്നത്.
ഒരുവർഷത്തിനുള്ളിൽ മുപ്പാലത്തിന് പകരം നാല് പാലം യാഥാർഥ്യമാകും. കമേഴ്സ്യൽ കനാലും വാടക്കനാലും ഉപ്പൂട്ടി കനാലും വഴി തുറമുഖത്തേക്ക് എത്തിയിരുന്ന ചരക്കുകൾ മുപ്പാലത്തിനുസമീപമാണ് കേന്ദ്രീകരിച്ചിരുന്നത്. അങ്ങനെ മൂന്ന് കനാലിനും കുറുകെയായി നിർമിച്ച പാലങ്ങൾ മുപ്പാലം എന്നറിയപ്പെട്ടു. കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെ 10 വർഷമായി ഭാരംകയറ്റിയ വാഹനങ്ങൾ ഇവിെട നിരോധിച്ചിരിക്കുകയായിരുന്നു.
അറ്റകുറ്റപ്പണി നടത്തിപ്പോന്ന മുപ്പാലം പുതിയ സാഹചര്യത്തിൽ വികസനസങ്കൽപങ്ങൾക്ക് അനുയോജ്യമല്ലെന്ന തിരിച്ചറിവിലാണ് പുതിയ പാലങ്ങൾ നിർമിക്കുന്നത്. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായ ശേഷം നടപ്പാക്കുന്ന വികസന പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 17.44 കോടിയുടെ മുപ്പാലം പുനർനിർമാണം.
23 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമായി മൂന്ന് പാലം പുനർനിർമിക്കുന്നത് കൂടാതെ നാലാമത്തേത് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ ഉപ്പൂട്ടി കനാലിന് കുറുകെ 26 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും പണിയും.
ആലപ്പുഴ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ടിൽ ഉൾപ്പെടുത്തിയ നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചത് പൊതുമരാമത്ത് വകുപ്പിന് കീഴിെല കേരള റോഡ് ഫണ്ട് ബോർഡാണ്. 2019 നവംബർ 27ന് ഭരണാനുമതിയും ഡിസംബർ 17ന് സാങ്കേതിക അനുമതിയും ലഭിച്ച പദ്ധതി, ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ കുടങ്ങിയതിനാൽ പ്രവർത്തനം ആരംഭിക്കാനായില്ല. ഒടുവിൽ അതിന് തീർപ്പായി മലപ്പുറം ആസ്ഥാനമായ പി.കെ.കെ കൺസ്ട്രക്ഷൻ നിർമാണ ചുമതല ഏറ്റെടുത്ത് മരങ്ങൾ മുറിക്കൽ മാർച്ചിൽ ആരംഭിച്ചതാണ്. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡുമൂലം അന്തർ സംസ്ഥാന തൊഴിലാളികളുടെ ദൗർലഭ്യം അടക്കമുള്ള പ്രശ്നങ്ങൾ ഉയർന്നത് നിർമാണപുരോഗതിക്ക് തടസ്സമായി.
വടക്കേ കരയിലെ ബാലൂസ് ഹോട്ടലിന് മുന്നിെല പാലമാണ് ആദ്യമായി പൊളിച്ചുമാറ്റുന്നത്. കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച ഈ ഭാഗത്തെ പാലം പൊളിക്കാൻ തുടങ്ങി. പൈലിങ് അടക്കമുള്ള പാലം നിർമാണത്തിെൻറ ബാക്കി പ്രവൃത്തി വരുംദിവസങ്ങളിൽ നടക്കും.
കരാർ പ്രകാരം 2021 മേയിൽ നിർമാണം പൂർത്തിയാക്കി പാലങ്ങൾ ഗതാഗതത്തിന് തുറക്കും. ഔപചാരിക ശിലാസ്ഥാപന ചടങ്ങ് അടുത്ത ദിവസം നടക്കും.
മൺമറയുന്നത് വെള്ളിത്തിരയിലെ മനോഹര കാഴ്ച
ആലപ്പുഴ: മുപ്പാലം പൊളിച്ചുനീക്കുേമ്പാൾ നഷ്ടമാകുന്നത് ഭാഷാ വ്യത്യാസങ്ങളില്ലാതെ ചലച്ചിത്രങ്ങൾക്ക് ദൃശ്യഭംഗിയേകിയ എക്കാലെത്തയും മികച്ച സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്നാണ്.
1970ൽ പുറത്തിറങ്ങിയ സത്യൻ ചിത്രമായ ക്രോസ് ബെൽറ്റിലാണ് മുപ്പാലം ആദ്യം ചിത്രീകരിക്കപ്പെടുന്നത്. പിൽക്കാലത്ത് ക്രോസ് ബെൽറ്റ് മണി എന്നറിയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ കെ. വേലായുധൻ നായരുടെ രണ്ടാമത്തെ ചിത്രമായ ഇതിൽ പൊലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിെല പാലത്തിലെ പ്രതിഷേധ പ്രകടനമാണ് ചിത്രീകരിക്കപ്പെട്ടത്.
1978ൽ പുറത്തിറങ്ങിയ പ്രേംനസീർ, ജയൻ, ഷീല, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച 'ആനപ്പാച്ചനി'ലും പ്രേംനസീർ, ജയൻ, കെ.പി. ഉമ്മർ എന്നിവരോടൊപ്പം മോഹൻലാലും അഭിനയിച്ച 1981ലെ 'സഞ്ചാരി'യിലും മുപ്പാലം പശ്ചാത്തലമായ രംഗങ്ങളുണ്ട്. ആലപ്പുഴയുടെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകൻ ഫാസിൽ തെൻറ നിരവധി ചിത്രങ്ങൾക്ക് മുപ്പാലത്തെ ലൊക്കേഷനാക്കി. മുപ്പാലവും അധികം ദൂരെയല്ലാതെ റെയിൽവേ സ്റ്റേഷൻ റോഡിലെ തെൻറ തറവാടായ ദാർ എസ് സലാമിെൻറ മുന്നിലുമൊക്കെ ഫാസിൽ കാമറ വെക്കാൻ മറന്നില്ല.
അതോടെ മറ്റുപലരും ഇവിടം നല്ല രാശിയുള്ള സ്ഥലമാണെന്ന മട്ടിൽ സിനിമയിലെ ഏതെങ്കിലും ഒരുഭാഗം മുപ്പാലത്തെ ചിത്രീകരണത്തിന് മാറ്റിവെച്ചിരുന്നു. 'പൂവിന് പുതിയ പൂന്തെന്നൽ', 'പപ്പയുടെ സ്വന്തം അപ്പൂസ്', 'അനിയത്തിപ്രാവ്', 'ഹരികൃഷ്ണൻസ്', 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' തുടങ്ങിയ ഫാസിൽ ചിത്രങ്ങൾ ഇവിടം പശ്ചാത്തലമായി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 'റാംജി റാവ് സ്പീക്കിങ്ങ്', 'ബൈ ദി പീപ്പിൾ' സിനിമകളിെലയും രംഗങ്ങളിൽ മുപ്പാലമുണ്ട്. മണിരത്നം ചിത്രമായ ദിൽസേ എന്ന ഹിന്ദിസിനിമയിൽ സന്തോഷ് ശിവൻ മുപ്പാലത്തെ കാമറയിൽ ആവാഹിച്ചപ്പോൾ മധുപാൽ തെൻറ ആദ്യസിനിമ 'തലപ്പാവി'നും മുപ്പാലം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.