ആലപ്പുഴ: ചലനശേഷി നഷ്ടമായി ചികിത്സയിൽ കഴിയുന്ന നാലാംക്ലാസുകാരൻ മുഹമ്മദ് അൽത്താഫിന്‍റെ സ്കൂൾയാത്ര ഇനി ഇലക്ട്രിക്ക് വീൽചെയറിൽ. വിവിധ സമൂഹമാധ്യമ കൂട്ടായ്മയിലൂടെ കണ്ണികളായ സുമനസ്സുകളുടെ സഹായമാണ് ഇതിന് വഴിയൊരുക്കിയത്. അൽത്താഫിന്‍റെ പത്താം പിറന്നാൾ ദിനമായ ശനിയാഴ്ച വൈകീട്ട് 4.30ന് മണ്ണഞ്ചേരി അടിവാരം ട്രാവൻകൂർ റിഹാബ്സിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി വീൽചെയർ കൈമാറും.
ഫിസിയോ തെറപ്പിസ്റ്റ് ആഷിക് ഹൈദർ അലിയുമായി പ്രവേശനോത്സവ ദിനത്തിലെ അനുഭവം പങ്കിട്ടതോടെ രൂപപ്പെട്ട വൈകാരിക നിമിഷമാണ് ഇതിന് വഴിതെളിച്ചത്. സ്കൂൾവിട്ട് ക്ലിനിക് ചികിത്സക്ക് എത്തിയപ്പോഴാണ് ആദ്യദിനം ഏങ്ങനെയായിരുന്നുവെന്ന് പതിവ് ചോദ്യം. എല്ലാവരെയുംപോലെ എനിക്കും ഓടി ചാടി നടക്കാൻ ആഗ്രഹമുണ്ടെന്നും അതിന് പറ്റാത്തതിനാൽ ക്ലാസിൽ തന്നെ ഇരുന്നുവെന്നുമായിരുന്നു മറുപടി. പിറന്നാൾ ദിനത്തിലെങ്കിലും മറ്റുള്ളവരെപോലെ തനിക്കും കേക്ക് മുറിക്കാൻ കഴിയുമോയെന്ന അവന്‍റെ സങ്കടം മനസ്സിൽ തട്ടിയ ആഷിക് 'സഹായിക്കാൻ മനസ്ഥിതിയുള്ളവർ ഇത് വായിച്ചശേഷം അറിയിക്കുക' എന്ന തലക്കെട്ടിൽ അൽത്താഫിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
പലരും അത് ഷെയർ ചെയ്തതോടെ കാരുണ്യമതികളായവരുടെ സഹായം ഗൂഗിൾപേവഴിയും അല്ലാതെയും എത്തി. അപ്പോഴും ഇലക്ട്രിക്ക് വീൽചെയറിന്‍റെ വിലയായി 84,000 രൂപക്ക് അടുത്തെത്തിയില്ല. ഇക്കാര്യം വീൽചെയർ നൽകുന്ന കമ്പനിയുമായി പങ്കിട്ടപ്പോൾ അവരുടെ പ്രത്യേക ഡിസ്കൗണ്ടും ചേർത്താണ് പിറന്നാൾ സമ്മാനം ഒരുക്കിയത്. കുട്ടിയുടെ അളവിന് അനുസരിച്ച് കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന വിധത്തിലാണ് വീൽചെയറിന്‍റെ ക്രമീകരണം.
ആലപ്പുഴ മണ്ണഞ്ചേരി ചിറയിൽ വീട്ടിലെ പരേതനായ നജീം-അമീന നജീം ദമ്പതികളുടെ മൂത്തമകനാണ്. 2019ൽ ആണ് 'മസ്കുലർ ഡിസ്ട്രോഫി' എന്ന രോഗം ബാധിച്ച് ചലനശേഷി നഷ്ടമായത്. മണ്ണഞ്ചേരി ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. 2013 മാർച്ചിൽ ആലപ്പുഴ പാതിരപ്പള്ളിയിൽ നടന്ന വാഹനാപകടത്തിലാണ് ഓട്ടോഡ്രൈവറായ പിതാവ് നജീം മരിച്ചത്. അന്ന് അൽത്താഫിന് 10 മാസമായിരുന്നു പ്രായം. സഹോദരി: നസ്റിയ നജീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.