ആലപ്പുഴ: നഗരത്തിലെ കോഴിമാലിന്യസംഭരണവുമായി ബന്ധപ്പെട്ട കരാർ വ്യാജമെന്ന് കണ്ടെത്തൽ. ഏജൻസിയുടെ കരാർ റദ്ദാക്കും. കരാറുകാരനോട് നഗരസഭ വിശദീകരണം തേടി. കരാറിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിന്റെ അജണ്ട ചർച്ചക്ക് എടുക്കും മുമ്പേ കോഴിമാലിന്യസംഭരണ കരാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. റീഗോ രാജു ആവശ്യപ്പെട്ടു.
കരാറുകാരൻ ഹാജരാക്കിയ രേഖകളുടെ പകർപ്പ് വ്യാജമാണെന്നും അനുമതിപത്രം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി എം.എം. മുംതാസ് അറിയിച്ചു. ഇതുസംബന്ധിച്ച് കരാറുകാരന് നോട്ടീസ് നൽകും. കരാർ ഏറ്റെടുത്ത ജന്നത്ത് ഫാം ഏജന്‍സി നഗരസഭയില്‍ സമര്‍പ്പിച്ച രേഖകൾ സംബന്ധിച്ച് പരാതി ഉണ്ടായ സാഹചര്യത്തിലാണ് നടപടി. നഗരസഭ സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തി അപാകത കണ്ടെത്തിയ സാഹചര്യത്തിൽ കരാർ റദ്ദാക്കി റീ ടെൻഡർ ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
2021ൽ നഗരസഭ നൽകിയ അനുമതിപത്രം പുതുക്കാതെ തീയതികളിൽ തിരുത്തൽ വരുത്തിയാണ് ഉപയോഗിച്ചതെന്നാണ് പരിശോധനയിൽ ബോധ്യമായത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ബുധനാഴ്ച നടന്ന കൗൺസിലിൽ ഹാജരാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല. കിലോക്ക് 1.5 രൂപ നിരക്കിൽ കച്ചവടക്കാരിൽനിന്ന് കോഴിമാലിന്യം സംഭരിക്കാനാണ് കരാർ. പിന്നീട് പുതുക്കാതെ തീയതികളിൽ തിരുത്തൽ വരുത്തി ഉപയോഗിച്ചെന്നാണ് പറയുന്നത്. അനുമതിപത്രം കൃത്യമായി പുതുക്കാത്ത ഏജൻസിക്ക് നഗരസഭ കോഴിമാലിന്യം സംഭരിക്കാൻ വീണ്ടും അനുമതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള വഴിവിട്ട ഇടപാടുകളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പുതുക്കാത്ത അനുമതിപത്രം ഉപയോഗിച്ചാണ് ഈവർഷത്തെ കരാറും സാധ്യമാക്കിയത്. നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, എം.ജി. സതീദേവി, നസീർ പുന്നക്കല്‍, ആര്. വിനിത, എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ അഡ്വ. റീഗോരാജു, ഡി.പി. മധു, കൗണ്‍സിലര്‍മാരായ കെ. ബാബു, മനു ഉപേന്ദ്രന്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബി. നസീര്‍, സെക്രട്ടറി എ.എം. മുംതാസ്, എന്‍ജിനീയര്‍ ഷിബു നാല്‍പ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ആലപ്പുഴ: നഗരസഭവാർഡ് പുനർവിഭജനത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം.
മിക്കവാർഡുകളിലെയും അതിർത്തി നിർണയത്തിലാണ് പരാതികൾ ഏറെയും. നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തെ തിരുവമ്പാടി വാർഡിൽനിന്ന് വലിയകുളം വാർഡിലേക്കും പഴവീട് ക്ഷേത്രത്തെ പഴവീട് വാർഡിൽ നിന്ന് ഹൗസിങ് കോളനി വാർഡിലേക്ക് മാറ്റിയതിലും പ്രതിഷേധിച്ച് കൗൺസിലർ രംഗത്തെത്തി. ബന്ധപ്പെട്ട പരാതികൾ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർക്കും സംസ്ഥാന ഡീലിമിറ്റേഷൻ കമീഷനും സമർപ്പിച്ചാൽ മതിയെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. പുലയൻ വഴി മാർക്കറ്റ് ഒഴിഞ്ഞുകൊടുക്കാൻ 59 ദിവസം ബാക്കി നിൽക്കെ സ്വകാര്യസ്ഥലത്ത് കച്ചവടം നടത്തുന്നവരുടെ പുനരധിവാസം ഏറ്റെടുക്കാൻ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.