അമ്പലപ്പുഴ: ചാടിക്കയറിയ പച്ചത്തേങ്ങയുടെ വില ഊര്‍ന്നിറങ്ങി. ഈ മാസം ആദ്യവാരം മൊത്തവില കിലോ 36 ആയിരുന്നത് ഓരോ ദിവസവും കയറി കഴിഞ്ഞയാഴ്ച 65ല്‍ എത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇത് 58 ആയി താഴ്ന്നു. മലയാളികള്‍ തേങ്ങ കൂടുതല്‍ ഉപയോഗിക്കുന്ന സീസണ് മുതലെടുത്താണ് അന്തർസംസ്ഥാനത്തെ തേങ്ങ വ്യാപാരികള്‍ വില നിശ്ചയിക്കുന്നത്.
ചിങ്ങമാസത്തില്‍ കേരളത്തില്‍ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് ഇതരസംസ്ഥാനത്തെ വ്യാപാരികള്‍ തേങ്ങ കിട്ടാനില്ലെന്ന കാരണം പറഞ്ഞ് വിതരണം കുറക്കുമെന്നാണ് ഇവിടുത്തെ മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന ഉപ്പേരിക്ക് ചിലവേറെയും ചിങ്ങമാസത്തിലാണ്. കൂടാതെ വിവാഹങ്ങളും മറ്റ് ചടങ്ങുകളും കൂടുതലും ഈ മാസമാണ്. ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റില്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് തേങ്ങ എത്തിയാലേ സമീപ പ്രദേശങ്ങളില്‍ പാകപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ക്ക് രുചി കൂടുകയുള്ളു. നിലവാരം അനുസരിച്ചാണ് പൊള്ളാച്ചിയിലെ വ്യാപാരികള്‍ തേങ്ങ വില നിശ്ചയിക്കുന്നത്.
തിങ്കളാഴ്ച 28 മുതല്‍ 33 രൂപ വരെയായിരുന്നു പൊള്ളാച്ചിയിലെ വിലയെന്നാണ് ആലപ്പുഴയിലെ മൊത്തവ്യാപാരികള്‍ പറയുന്നത്. ലോറിയില്‍ എത്തിക്കുന്നതും കയറ്റിയിറക്ക് കൂലിയും മറ്റ് കൂലി ചെലവുകളും ഉള്‍പ്പെടെ കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് കിലോക്ക് ഏഴ് രൂപയുടെ കുറവുണ്ട്.
ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റില്‍ മാത്രം ഒരു ദിവസം 25 ടണ്ണിലേറെ തേങ്ങ എത്താറുണ്ട്. തൊട്ടടുത്തുള്ള അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മൊത്തക്കച്ചവടക്കാര്‍ വേറെയുമുണ്ട്. മൊത്തവിലയില്‍ മാറ്റം വന്നെങ്കിലും ചില്ലറ വിലയിൽ കാര്യമായ മാറ്റമില്ല. ചേർത്തല മുതൽ കായംകുളം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളിലിലാണ് തെങ്ങും തേങ്ങയും അനുബന്ധിച്ചുള്ള കയർ വ്യവസായവും നിലനിന്നിരുന്നത്.
ആലപ്പുഴ നഗരത്തിലെ ചുങ്കത്ത് കൊപ്രക്കളങ്ങളായിരുന്നു ഏറെയും. വെളിച്ചെണ്ണ ഉൽപാദനത്തിലും ചുങ്കം പ്രസിദ്ധമായിരുന്നു.
ഇന്ന് കൊപ്രക്കളങ്ങൾ കാണാനില്ല. ചുരുക്കം ചില വെളിച്ചെണ്ണ മില്ലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊപ്ര വേണമെങ്കിൽ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങ് കൃഷിക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നുണ്ടെങ്കിലും അതൊന്നും യഥാര്‍ഥ കര്‍ഷകരില്‍ എത്തുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.