അമ്പലപ്പുഴ: ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ ആലപ്പുഴ ഡെന്റൽ മെഡിക്കൽ കോളജ് കെട്ടിടം സംരക്ഷിക്കാതെ കാടുകയറി തകർച്ചയുടെ വക്കിൽ. കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ചില്ലുകളും ജനാലകളും ആടിയിളകി നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
സാമ്പത്തിക പരാധീനതയിൽ കെട്ടിടനിർമാണം കരാറുകാരൻ നിർത്തിവെച്ചതോടെയാണ് ഏറെക്കാലമായുള്ള ഡെന്റൽ വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് വിള്ളൽവീണത്. എട്ടുവർഷം മുമ്പാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ഒറ്റ നിലയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പി.ജി കോഴ്സ് ഉൾപ്പെടെയുള്ളവക്ക് അനുമതി ലഭിച്ചില്ല. തുടർന്നാണ് മറ്റ് രണ്ട് നിലകൾ കൂടി നിർമിക്കാൻ തീരുമാനിച്ചത്. 2021ൽ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തോടെയാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, മതിയായ തുക ലഭിക്കാത്തതിന്റെ പേരിൽ കരാറുകാരൻ നിർമാണപ്രവർത്തനങ്ങൾ പലതവണ വൈകിപ്പിച്ചു. രണ്ട് വർഷമായി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
ഡെന്റൽ കോളജ് അനുവദിക്കുമ്പോൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്വന്തമായി കെട്ടിടം പൂർത്തിയാകുന്നതുവരെ മെഡിക്കൽ കോളജിന്റെ തന്നെ മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ ചുരുക്കം ചില മെഡിക്കൽ കോളജുകളിൽ മാത്രമാണ് ബി.ഡി.എസ് പോസ്റ്റ് ഗ്രാജ്വേഷനുള്ള അനുമതിയുള്ളത്. സർക്കാർ തലത്തിൽ ആകെ സംസ്ഥാനത്തുള്ളത് 70 സീറ്റ് മാത്രമാണ്. തിരുവനന്തപുരം 26, കോട്ടയം 26, കോഴിക്കോട് 18 എന്നിങ്ങനെയാണ് പി.ജി കോഴ്സുകൾ ഉള്ളത്. സീറ്റുകൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലും പി.ജി കോഴ്സുകൾ ആരംഭിക്കാമെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടനിർമാണം ആരംഭിച്ചത്. എക്സ്റേ ഉൾപ്പെടെയുള്ള സി.ബി.സി.ടി യന്ത്രവും അനുബന്ധ ഉപകരണങ്ങളും എത്തിച്ചെങ്കിലും പ്രവർത്തിപ്പിക്കാനായിട്ടില്ല.
കരാർ വ്യവസ്ഥ പ്രകാരമുള്ള തുക ലഭിക്കാത്തതിന്റെ പേരിൽ ലിഫ്റ്റുകളുടെയും കേന്ദ്രീകൃത എ.സിയുടെയും നിർമാണപ്രവർത്തനവും പാതിവഴിയിൽ ഉപേക്ഷിച്ചമട്ടാണ്.
മിനുക്കുപണികൾ മാത്രം ബാക്കി നിൽക്കെ കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കാതെ കാടുകയറി രാത്രിയിൽ സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണ്. ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനകവാടം അടച്ചിട്ടതോടെ മയക്കുമരുന്ന് കച്ചവടക്കാർക്ക് പ്രധാന താവളമായി മാറിയിരിക്കുകയാണ് ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.