അമ്പലപ്പുഴ: തുലാമഴയിൽ യാത്രക്കാർക്ക് ‘ഇടിവെട്ടായി’ മാറിയിരിക്കുകയാണ് ദേശീയപാതയിലെ ആഴമേറിയ കുഴികൾ. അമ്പലപ്പുഴ മേഖലകളിലെ പ്രധാന ജങ്ഷനുകളിലെ കുഴികളാണ് രാത്രികാലങ്ങളിലെ തുലാമഴയിൽ യാത്രക്കാർക്ക് ദുരതം വിതക്കുന്നത്. ഇടക്കിടെയുള്ള ആഴമുള്ള കുഴികൾ ശ്രദ്ധയിൽപ്പെടാതെ അപകടത്തിൽപെടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. കനത്തമഴയിൽ റോഡിൽ വെള്ളംകെട്ടി കിടക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാനാവാതെയാണ് അപകടങ്ങൾ. ദേശീയപാതയിലെ കുഴിയിൽവീണ പലരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. കുഴികൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട് ബ്രേക്കിടുന്നവർ വീണ് പരിക്കേറ്റ സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടക്കണമെന്ന് എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ ദേശീയപാത എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നിർദേശം നൽകിയതാണ്. കൂടാതെ മഴയത്ത് ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വേനലിൽ ഉയരുന്ന പൊടിപടലങ്ങൾക്ക് ശാശ്വതപരിഹാരം കാണെണമെന്ന തീരുമാനവും എടുത്തിരുന്നു. എന്നാൽ, എൻ.എച്ച്.എ.ഐ വിഭാഗം വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതാണ് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയത്. പ്രതിഷേധം ശക്തമായതോടെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം കുഴിയടക്കൽ നടപടി ഉണ്ടായെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ പൊട്ടിപ്പൊളിയാൻ തുടങ്ങി.
നിലവിൽ അപകടമൊഴിവാക്കാൻ പലയിടങ്ങളിലും റോഡിന് നടുവല്യ സുരക്ഷ ഉപകരണം സ്ഥാപിച്ചിരിക്കുകായാണ്. തിരക്കേറിയ അമ്പലപ്പുഴ കച്ചേരിമുക്ക്, മെഡിക്കൽകോളജ്, വണ്ടാനം പോസ്റ്റ് ഓഫിസ്, മെഡിക്കൽകോളജ് ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ കുഴി രൂപപ്പെട്ടിട്ടുള്ളത്. വ്യാപക പരാതിയെത്തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അറ്റകുറ്റപ്പണിയെന്ന പേരിൽ കുഴികളിൽ മെറ്റൽ നിരത്തിയത്. ഇതാണ് കഴിഞ്ഞ മഴയിൽ ഒലിച്ച് പോയി കുഴികൾ വലിയ ഗർത്തങ്ങളായി മാറിയത്.
മുമ്പെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോ ദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകിവരികയാണ്. കനത്ത മഴയിൽ ദേശീയപാതയിൽ എല്ലായിടത്തും റോഡ് തകർന്നുകിടക്കുകയാണ്. തുടർച്ചയായ മഴയിൽ ദേശീയ പാതയിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്.
ഇതും ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. മുൻകാലങ്ങളിൽ കാലവർഷാരംഭത്തിന് മുമ്പ് സംസ്ഥാനസർക്കാർ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി എൻ.എച്ച്. എ.ഐ പൂർണചുമതല ഏറ്റെടുത്തതോടെ സംസ്ഥാന സർക്കാറിന് ഇത്തരം പ്രവൃത്തികൾ നടത്താനുള്ള അനുമതി ഇല്ലാതായതും റോഡിന്റെ ശോച്യാസ്ഥക്ക് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.