അമ്പലപ്പുഴ: പ്രകൃതി കനിഞ്ഞ് നൽകിയ അറപ്പപ്പൊഴിയും തീരവും കാണാനും ആസ്വദിക്കാനും സന്ദർശകരുടെ തിരക്കേറുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ തീരപ്രദേശമാണ് അറപ്പപ്പൊഴി. തീരത്തോട് ചേർന്ന കാറ്റാടിക്കാടുകളാണ് ഏറെ ആകർഷണീയം.
തീരദേശറോഡിലെ അറപ്പപ്പൊഴിക്ക് കുറുകെയുള്ള പാലത്തിൽ നിന്നാൽ പടിഞ്ഞാറ് കടലും കിഴക്ക് പൊഴിയും ചുറ്റുമുള്ള കാടുകളും കണ്ടാൽ കുട്ടനാടിന്റെ ദൃശ്യഭംഗിയാണ് ആസ്വാദകരിലേക്ക് ഓടിയെത്തുന്നത്. സൂര്യാസ്തമയം കാണാനാണ് കുട്ടികളും മുതിർന്നവരും അധികവും എത്തുന്നത്. തിരക്ക് കൂടിയതോടെ തീരത്ത് ചായക്കടകളും തട്ടുകടകളും ഐസ്ക്രീം പാർലറുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. വധുവരന്മാർ ഫോട്ടോഷൂട്ടിനായും കാറ്റാടി കൂട്ടത്തിൽ എത്താറുണ്ട്.
തീരദേശറോഡിന്റെ വികസനത്തോടെയാണ് അറപ്പപ്പൊഴിയുടെ സൗന്ദര്യം സഞ്ചാരികൾ തിരിച്ചറിയുന്നത്. പാലവും പാലത്തിൽ നിന്നുള്ള കടലിന്റെയും പൊഴിയുടെയും കാഴ്ചകളും കണാനെത്തിയവർ കാറ്റാടിക്കൂട്ടത്തിൽ ഇരുന്നുള്ള ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് ആസ്വാദകരുടെ തിരക്കേറിയത്. നാലുവർഷമായി പൊഴിയിൽ പൊന്തുവള്ളങ്ങളുടെ മത്സരക്കളികളും നടക്കാറുണ്ട്. നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഡിസംബറിലാണ് പൊന്തുവള്ളംകളി നടക്കുന്നത്. ഇത് കാണാനും നിരവധി പേരാണ് അറപ്പപ്പൊഴി തീരത്തെത്തുന്നത്. ആലപ്പുഴ ബീച്ചിൽ എത്തുന്നവർക്ക് തീരദേശറോഡിൽ വാടപ്പോഴിപ്പാലത്തിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ അറപ്പൊഴി തീരത്തെത്താം.
കിലോമീറ്ററുകളോളം നീണ്ടുനിവർന്നു കിടന്ന അറപ്പപ്പൊഴി 300 മീറ്ററോളം നീളത്തിലും 200 മീറ്ററോളം വീതിയിലും ചുരുങ്ങി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന കരപ്പാടം വരെ ഉണ്ടായിരുന്നതാണ് അറപ്പപ്പൊഴി. 1970 കളിൽ സ്കൂട്ടർ ഫാക്ടറിയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് അറപ്പപ്പൊഴി ചുരുങ്ങിയതെന്നാണ് തീരദേശവാസികൾ പറയുന്നത്. പിന്നീട് റെയിൽവേ വന്നതോടെ പൊഴിയുടെ വിസ്തൃതികുറഞ്ഞത്. മഴക്കാലത്ത് കരപ്രദേശത്തെ വെള്ളം കടലിലേക്ക് ഒഴുകി മാറുന്നതിന് പ്രകൃതി കനിഞ്ഞതായിരുന്നു അറപ്പപ്പൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.