അമ്പലപ്പുഴ: മത്സ്യക്ഷാമവും ചുട്ടുപൊള്ളുന്ന മണ്ണെണ്ണ വിലയും തീരം വറുതിയിലാക്കിയതിന് പിന്നാലെയുള്ള കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ നിത്യദുരിതത്തിലാക്കുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അസാനിയാണ്' കഴിഞ്ഞ രണ്ടുദിവസമായി തീരത്തെ ആശങ്കയിലാക്കിയത്. ഇത് കേരള തീരം തൊടില്ലെങ്കിലും മീൻ പിടിത്തക്കാർക്ക് കാലാവസ്ഥ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടു ദിവസമായി ജില്ലയുടെ വിവിധ തീരങ്ങളിൽ കടലും രൗദ്രമാണ്. വലിയ വള്ളങ്ങളും പൊന്തുകളും കടലിൽ ഇറക്കിയിട്ടില്ല. ആറു മാസമായി മത്സ്യക്ഷാമം തീരത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്.
പുലർച്ച കടലിൽ പോകുന്ന വള്ളങ്ങൾ കരയണയുമ്പോള്‍ നിരാശമാത്രമാണ് ബാക്കിയാകുന്നത്. പള്ളിത്തോട്, തൈക്കൽ, അർത്തുങ്കൽ, ചെത്തി, ചേന്നവേലി, കാട്ടൂർ, മാരാരിക്കുളം, തുമ്പോളി, പറവൂർ ഗലീലിയ, പുന്നപ്ര ചള്ളി, കുപ്പിമുക്ക്, ആനന്ദേശ്വരം, പായൽ കുളങ്ങര, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കൽ തുടങ്ങിയ തീരങ്ങളിൽനിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഒരു ചെറിയ വള്ളം കടലിൽ ഇറക്കി കരയിലെത്തുമ്പോൾ 5000 രൂപയോളം ഇന്ധനച്ചെലവ് വരും. വലിയവള്ളമാകുമ്പോൾ ഇതിെൻറ രണ്ടിരട്ടിയാകുമെന്ന് തൊഴിലാളികൾ പറയുന്നു.
ഇന്ധന വില കുതിച്ചുകയറിയതിനാൽ പല തീരങ്ങളിലും വള്ളങ്ങൾ കരയിൽ തന്നെ ഇരിപ്പാണ്. മത്സ്യബന്ധനം നിലച്ചതോടെ അനുബന്ധ തൊഴിലാളികളുടെയും അവസ്ഥയും ദയനീയമാണ്. കൊട്ട ചുമക്കുന്നവർ, ഐസ് കയറ്റുന്നവർ, തീരത്തെ ചെറുകിട കച്ചവടക്കാർ, മത്സ്യം ലേലം ചെയ്യുന്ന ഇടനിലക്കാർ ഇങ്ങനെ കടലിനെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലാണ്. മത്സ്യം വിറ്റിരുന്ന ചന്തക്കടവുകളും ശൂന്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.