അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയം വീണ്ടും വിവാദത്തിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുത്തതോടെ കരിമണൽ വിവാദം വീണ്ടും സംസ്ഥാന ശ്രദ്ധ നേടുകയാണ്. ഭരണകക്ഷിയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐയും കരിമണൽ വിഷയത്തിൽ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത് സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്.
മുഖ്യമന്ത്രിയും മകളും കരിമണൽ കോഴ വിവാദത്തിൽ ഉൾപ്പെട്ടതോടെയാണ് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം വിവാദത്തിലായത്. ഉമ്മൻ ചാണ്ടി സർക്കാറാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് തുടക്കമിട്ടത്. പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനായിരുന്നു മണൽ നീക്കത്തിനുള്ള ചുമതല അന്ന് നൽകിയിരുന്നത്. ഖനനം ചെയ്യുന്ന കരിമണൽ കർത്തായുടെ സി.എം.ആറിലേക്ക് പോകുന്നുവെന്നായിരുന്നു ആരോപണം.
പ്രളയക്കെടുതിയിൽനിന്ന് കുട്ടനാടിനെ രക്ഷിക്കാനെന്ന പേരിൽ ഒന്നാം പിണറായി സർക്കാർ ഖനനം വീണ്ടും ആരംഭിച്ചത് കോടികൾ കോഴ വാങ്ങാനായിരുന്നുവെന്നാണ് ആക്ഷേപമുയർന്നത്. പരിസ്ഥിതി ദുർബല പ്രദേശമായ തോട്ടപ്പളളിയിൽ നടക്കുന്ന കരിമണൽ ഖനന വിഷയം സുപ്രീംകോടതി വരെയെത്തി നിൽക്കുകയാണ്.
ഖനനത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരം 1000 ദിവസങ്ങൾ പിന്നിട്ടു. ഇടക്കാലത്ത് നിർത്തിവെച്ച ഖനനം പുനരാരംഭിക്കാൻ നീക്കം തുടങ്ങിയതോടെയാണ് കോൺഗ്രസും സി.പി.ഐയും ധീവരസഭയും ഇതിനെതിരെ രംഗത്തെത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന സമര പ്രഖ്യാപന കൺവൻഷനിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പങ്കെടുത്തതോടെ സമരത്തിന്റെ ഗതിമാറിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.