അമ്പലപ്പുഴ: വളഞ്ഞവഴി എസ്.എൻ കവലയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാടിന്റെ തെക്കൻ മേഖലയിലുള്ളവർക്ക് ദേശിയപാതയിലെത്താനുള്ള ഏക മാർഗമാണ് എസ്.എൻ കവല- ചമ്പക്കുളം റോഡ്.
ഇവിടെ അടിപ്പാത ഇല്ലാതെവന്നാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമാണ് തടസ്സപ്പെടുന്നത്. എസ്.എൻ കവല- ചമ്പക്കുളം റോഡിലൂടെയാണ് കഞ്ഞിപ്പാടം, കട്ടക്കുഴി, ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, പുളിങ്കുന്ന് അടക്കമുള്ള പ്രദേശത്തേക്ക് പോകുന്നതിനുള്ള ബസ് സർവിസ് ഉള്ളത്. ഈ പ്രദേശത്തുള്ളവർക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താനുള്ള എളുപ്പമാർഗവും എസ്.എൻ കവല ചമ്പക്കുളം റോഡാണ്.
അടിപ്പാത ഇല്ലാതെ ദേശീയപാത നിർമാണം പൂർത്തിയായാൽ ഈ പ്രദേശത്തുള്ളവർ കിലോമീറ്ററുകൾ ചുറ്റേണ്ടിവരും. ഒരു കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് വണ്ടാനത്തുള്ള അടിപ്പാതയിലൂടെയയോ അത്രയും തന്നെ അകലമുള്ള കാക്കാഴത്തുള്ള അടിപ്പാതയിലൂടെയയോ വേണം ലക്ഷ്യസ്ഥനത്തേക്ക് കടക്കാൻ. അമ്പലപ്പുഴ- തിരുവല്ല റോഡിൽ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. റെയിൽവേ ഗേറ്റിലെ അറ്റകുറ്റപ്പണികൾക്കും മറ്റും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ എസ്.എൻ കവല- ചമ്പക്കുളം റോഡിലൂടെയാണ് വാഹനം തിരിച്ചുവിടുന്നത്.
കൂടാതെ കാർഷിക മേഖലയിലേക്കുള്ള കൊയ്ത്ത് ന്ത്രങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതും എസ്.എൻ കവലയിൽ നിന്ന് തിരിഞ്ഞ് ചമ്പക്കുളം റോഡിലൂടെയാണ്. അടിപ്പാതയില്ലാതെ വന്നാൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവിധ വാർഡിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നതിനും ഒരു കിലോമീറ്ററോളം ചുറ്റിത്തിരിയേണ്ടിവരുമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയേറെയാണ്.
2021ൽ ഇറക്കിയ പ്രൊജക്ട് റിപ്പോർട്ടിലെ അടിപ്പാത പട്ടികയിൽ എസ്.എൻ കവലയും ഉൾപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഇത് ഒഴിവാക്കിയെന്നാണ് ആലപ്പുഴ പ്രൊജക്ട് ഡയറക്ടറുമായ ബന്ധപ്പെട്ടപ്പോൾ നാട്ടുകാർക്ക് നൽകിയ മറുപടി.
ഇവിടെ നിന്ന് അടിപ്പാത ഒഴിവാക്കിയെന്നറിഞ്ഞ് പീസ് റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ എം.പിമാരായ കെ.സി. വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനും നിവേദനം നൽകിയിരുന്നു.
ഇരുവരും അസോസിയേഷന്റെ ആവശ്യം അംഗീരിച്ച് ദേശിയ പാത പ്രൊജക്റ്റ് ഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായും അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കൂടാതെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് എം.പിമാർ നിവേദനം നൽകുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ആവശ്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്നതിനായി പ്രത്യേക കേന്ദ്രസംഘത്തെ ചുമതലപ്പെടുത്താമെന്ന ഉറപ്പും കേന്ദ്രമന്ത്രി നൽകിയിരുന്നു.
സ്ഥലം എം.എൽ. എ എച്ച്. സലാമും ഇത് സംബന്ധമായ ഇടപെടലുകൾ നടത്തി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിൽ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ ഇടപെടലിൽ ദേശീയപാത വികസന വിഭാഗം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും അതിനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
എസ്.എൻ കവലയിലും അടിപ്പാതവേണമെന്ന ആവശ്യം ഉന്നയിച്ച് ദേശീയപാത അതോറിട്ടിക്ക് എം.എൽ.എ കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ ഇടപെടലിൽ എസ്.എൻ കവലയിലും അടിപ്പാത പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.