അമ്പലപ്പുഴ: വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റിന് തീപിടിച്ചു. യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ യൂനിറ്റ് പൂര്‍ണമായി അഗ്നിക്കിരയായി. അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘം ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീ അണക്കാനായത്. നീര്‍ക്കുന്നം എന്‍.എസ്.എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരാദിന് വെളിച്ചെണ്ണ നിര്‍മ്മാണ യൂനിറ്റിനാണ് തീപിടിച്ചത്. കൊപ്ര ഉണക്കുന്ന ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഡ്രെയറില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഈ സമയം സ്ഥാപനമുടമ നീര്‍ക്കുന്നം കിഴക്ക് കൊച്ചുപുരക്കല്‍ രേവതിയില്‍ പി.കെ. രാജീവനും മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് തീപടര്‍ന്നത്. കടുത്ത ചൂടും പുകയും കാരണം തീ ഉയര്‍ന്നത് എവിടെ നിന്നുമാണെന്നറിയാതെ ഉടമയും മറ്റ് ജീവനക്കാരും പുറത്തേക്കോടി. തൊട്ടുപിന്നാലെ പ്രദേശമാകെ പുകയില്‍ മുങ്ങി.
നാട്ടുകാരും ഓടിയെത്തിയവരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും രൂക്ഷമായ പുക കാരണം ആർക്കും അടുത്തെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂനിറ്റ് അഗ്നിരക്ഷ സേനയെത്തിയത്. കടയുടെ ചില്ല് തകർത്താണ് രക്ഷപ്രവർത്തനം നടത്തിയത്.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്. പത്ത് ടണ്ണോളം കൊപ്ര കത്തിനശിച്ചു. കൂടാതെ 400 കിലോയോളം വെളിച്ചെണ്ണ, യന്ത്രസാമഗ്രികൾ എന്നിവയടക്കം എല്ലാം കത്തി നശിച്ചു. ഏകദേശം പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓണം വില്പന പ്രതീക്ഷിച്ച് മോടിപിടിപ്പിച്ചതിന് ശേഷം ഒരാഴ്ച മുമ്പണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
അമ്പലപ്പുഴ: വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് എച്ച്. സലാം എം.എൽ.എയും. നീര്‍ക്കുന്നം ജങ്ഷന് സമീപം എന്‍.എസ്.എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരാദിന് വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റിലാണ് തിങ്കൾ പകൽ തീപിടിത്തമുണ്ടായത്. പ്രദേശമാകെ രൂക്ഷമായ പുക ഉയർന്നിരുന്നു. ഈ സമയം ദേശീയ പാത വഴി അമ്പലപ്പുഴയിലേക്ക് പോകുകയായിരുന്ന എം.എല്‍.എ വാഹനം നിർത്തി സ്ഥലത്തെത്തി. ഉടൻ അഗ്നിരക്ഷാസേനയേയും അമ്പലപ്പുഴ പൊലീസിനേയും ഫോണിൽ വിവരമറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതുവരെ കെട്ടിടത്തിന്റെ പിൻഭാഗത്തെ മോട്ടോർ പ്രവർത്തിപ്പിച്ച് തീയണക്കാനായി എച്ച്. സലാം മുന്നിട്ടിറങ്ങിയപ്പോൾ നാട്ടുകാരും ഒപ്പം കൂടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഒന്നര മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായി അണച്ചു എന്നുറപ്പുവരുത്തിയ ശേഷമാണ് എം.എൽ.എ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.