ആലപ്പുഴ: വിരമിച്ച അംഗൻവാടി ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് ഒന്നരക്കോടി രൂപ. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവൽ അലവൻസ് ഇനത്തിൽ മാത്രമാണ് ഇത്രയും തുകയുടെ കുടിശ്ശിക. 1,200 രൂപയാണ് ഫെസ്റ്റിവൽ അലവൻസ്. ജീവനക്കാർക്കുള്ള അലവൻസ് വിതരണം പൂർത്തിയായെങ്കിലും വിരമിച്ചവർക്ക് ഇതുവരെ നൽകിയിട്ടില്ല. 13,000ത്തോളം വിരമിച്ച അംഗൻവാടി ജീവനക്കാർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഒരുമാസമായി പല ജില്ലയിലും പെൻഷൻ വിതരണവും നടന്നിട്ടില്ല. വർക്കർക്ക് 2,500 രൂപയും ഹെൽപർക്ക് 1,500 രൂപയുമാണ് പ്രതിമാസ പെൻഷൻ. 2022 ഏപ്രിലിൽ വിരമിച്ചവർക്കുള്ള പെൻഷനും ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല.
നിലവിൽ അംഗൻവാടി വർക്കർക്ക് 12,000 രൂപയും ഹെൽപർക്ക് 8,000 രൂപയുമാണ് ഓണറേറിയം. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെയാണ് ഇവർക്കുള്ള വേതനം നൽകുന്നത്. കഴിഞ്ഞ ബജറ്റിൽ ഇവർക്കുള്ള ഓണറേറിയം വർധിപ്പിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
ചികിത്സ ആനുകൂല്യങ്ങളോ ഇ.എസ്.ഐ പരിരക്ഷയോ ലഭിക്കുന്നില്ലെന്നും ക്ഷേമനിധി ബോർഡ് വഴി അംഗൻവാടി ജീവനക്കാർക്ക് വായ്പ, സ്കോളർഷിപ്, ചികിത്സ സഹായം തുടങ്ങിയവ നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്നും ജീവനക്കാർ പറയുന്നു. 10 വർഷം വരെ സർവിസുള്ളവർക്ക് 500 രൂപയും അതിൽ കൂടുതലുള്ളവർക്ക് 1,000 രൂപയും കൂടുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. സംസ്ഥാനത്ത് 33,150 അംഗൻവാടികളിലായി 66,300 പ്രവർത്തകരുണ്ട്.
രാവിലെ മുതൽ വൈകീട്ട് മൂന്നര വരെയാണ് അംഗൻവാടിയിലെ പ്രവർത്തനം. പക്ഷേ, ഇതോടെ തീരുന്നില്ല, ഗൃഹസന്ദർശനത്തിന്റെയും രജിസ്റ്റർ തയാറാക്കലിന്റെയും പണികൾ അതിനു ശേഷമാണ്. ഇതിനു പുറമെ, ഏതെങ്കിലും വകുപ്പിനു സർവേ നടത്തണമെന്നു തോന്നിയാൽ അതും ഇവരുടെ ചുമലിലായിരിക്കും. പ്രസവ ആനുകൂല്യം ലഭ്യമാക്കാനും നേതൃത്വം നൽകേണ്ടത് ഇവർതന്നെ. വാർഡ് സഭകളുടെ കോഓഡിനേഷൻ മുതൽ തദ്ദേശ സ്ഥാപനങ്ങൾ ഏൽപിക്കുന്ന ചുമതലകളും ഇവർ ചെയ്യണം. എന്നിരിക്കെയാണ് അംഗൻവാടി ജീവനക്കാരോടും വിരമിച്ചവരോടും ഈ അവഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.