മണ്ണഞ്ചേരി: ഇനി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാാം സ്മാർട്ട് അംഗൻവാടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡ് പൊന്നാട് 122-ാം നമ്പർ അംഗൻവാടിയാണ് സ്മാർട്ടായത്. പ്രദേശവാസി ബഷീർ ഇലയശ്ശേരിയാണ് നാല് സെന്റ് സ്ഥലം അംഗൻവാടിക്കായി വിട്ടുനൽകിയത്. ഭാര്യ പരേതയായ നസീമയുടെ സ്മരണക്കായാണ് കുടുംബം സ്ഥലം നൽകിയത്.
പുന്നക്കൽ അബ്ദുൽ സലാം മൂന്ന് മീറ്റർ വീതിയിൽ റോഡിനായും സ്ഥലം വിട്ടുനൽകി.
വർഷങ്ങൾക്ക് മുമ്പേ സ്ഥലം വിട്ട് കൊടുത്തെങ്കിലും സാങ്കേതികതയുടെ നൂലാമാലയിൽ നിർമാണം നീണ്ടുപോകുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗം നവാസ് നൈനയുടെ നിരന്തര ഇടപെടലിലാണ് അംഗൻവാടി യാഥാർഥ്യമായത്. വനിതശിശുവികസന വകുപ്പിന്റെയും മണ്ണഞ്ചേരി പഞ്ചായത്തിന്റെയും, ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയോജിത പദ്ധതിയിലൂടെ 30,13,449 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. താഴെ വിശാലമായ ക്ലാസ്സ് മുറികൾ, ആധുനിക അടുക്കള, ശുദ്ധജല സംവിധാനം, സ്മാർട് ടിവി, മുകളിൽ പ്രത്യേക കളിസ്ഥലം, മൂന്ന് ശിശു സൗഹൃദ ശുചിമുറികൾ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്. പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഉല്ലാസ് സ്വാഗതവും പഞ്ചായത്ത് അംഗം നവാസ് നൈന നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ അഡ്വ. ആർ. റിയാസ്, പി.എ. ജുമൈലത്ത്, എം.എസ്. സന്തോഷ്, കെ. ഉദയമ്മ, പി.എ. സബീന, പഞ്ചായത്ത് സെക്രട്ടറി ഷെയ്ക്ക് ബിജു, ജില്ല ശിശുവികസന ഓഫീസർ എൽ. ഷീബ, ജെ. മായാലക്ഷ്മി, ഷീല ദേവസ്യ, ജെ. ലക്ഷ്മി, എസ്. അശ്വതി, ബുഷ്റ, ഉദയമ്മ, വാർഡ് വികസന സമിതി അംഗങ്ങളായ ഹസീന ബഷീർ, നിഷാദ്. പി.കെ, നവാസ്, ബിനാസ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.