ആലപ്പുഴ: ജില്ലയിലെ 145 അംഗൻവാടികൾക്ക് സുരക്ഷിതമായ കെട്ടിടമില്ലെന്ന് ജില്ല ആസൂത്രണസമിതി റിപ്പോർട്ട്. ജില്ല പ്ലാനിങ് ഓഫിസർ എസ്. സത്യപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ 'കരുതാം, കുരുന്നിനെ' പദ്ധതിയിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ. 32 അംഗൻവാടികളിലെ കിണറുകൾക്ക് ആൾമറയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ അംഗൻവാടികളുടെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞ വർഷം അവസാനമാണ് രണ്ടുമാസം നീണ്ട പഠനം സംഘടിപ്പിച്ചത്.
ജില്ലയിലെ 2150 അംഗൻവാടികൾ പരിശോധിച്ചു. അംഗൻവാടിക്കെട്ടിടങ്ങളുടെ സുരക്ഷിതത്വം, ചുറ്റുമതിൽ, ശുചിമുറിസൗകര്യം, വൈദ്യുതീകരണം, ശുദ്ധജലലഭ്യത തുടങ്ങി 30 വിഷയങ്ങൾ തെരഞ്ഞെടുത്ത് 94 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു പഠനം. സുരക്ഷ കാര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന അംഗൻവാടികൾ അടിയന്തരമായി വീഴ്ചകൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം മാന്നാറിൽ 17 അംഗൻവാടികൾ പൂട്ടിയിരുന്നു. അരൂരിൽ രണ്ടും. സുരക്ഷിതമായ കെട്ടിടമില്ലാത്ത അംഗൻവാടികൾ- 145. സ്വന്തമായി സ്ഥലമില്ലാത്തവ- 826. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ- 911.
ചുറ്റുമതിൽ ഇല്ലാത്തവ- 964. വൃത്തിയില്ലാത്ത ശുചിമുറിയോടു കൂടിയവ- 132. വൈദ്യുതീകരിച്ചിട്ടില്ലാത്തവ- 43. ശുദ്ധജലം ലഭ്യമല്ലാത്തവ- എട്ട്. കിണറുകൾക്ക് ആൾമറയില്ലാത്തവ- 32. വൃത്തിയില്ലാത്ത അടുക്കളയോടു കൂടിയവ- 95. ഹെൽപർമാരുടെ സേവനം ലഭ്യമല്ലാത്തവ- 342. എന്നിങ്ങനെയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അംഗൻവാടികളിൽ സൗകര്യം ഒരുക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.