ആലപ്പുഴ: വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ അരിവണ്ടി പ്രയാണം. സപ്ലൈകോയുടെ കൊച്ചി ഡിപ്പോയിലെ മൊബൈൽ യൂനിറ്റാണ് ജില്ലയിൽ സർവിസ് നടത്തുന്നത്. ആദ്യദിനം ഹരിപ്പാട് ഡിപ്പോക്ക് പരിധിയിലെ മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. എസ്.എൻ.കടവ് കാരമുട്ടേൽ ജങ്ഷൻ, കടവൻകുളത്തുകടവ്, വെള്ളംകുളങ്ങര ഇലവന്തറ ജങ്ഷൻ, പല്ലന കുമാരകോടി, കനകക്കുന്ന് ജെട്ടി എന്നിവിടങ്ങളിലേക്ക് എത്തിയ അരിവണ്ടിയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ നിരവധി പേരാണ് എത്തിയത്. റേഷൻ കാർഡ് ഒന്നിന് പരമാവധി 10 കിലോ അരിയാണ് ലഭിക്കുക. ജയ, കുറുവ, മട്ട, പച്ചരി എന്നിവക്ക് പുറമെ സപ്ലൈകോ, മാവേലിസ്റ്റോർ സബ്സിഡി സാധനങ്ങളും വണ്ടിയിലുണ്ടാകും. ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച പുനരാരംഭിച്ച പര്യടനം ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡിപ്പോകളുടെ പരിധിയിലാണ് സർവിസ് നടത്തിയത്.
ആലപ്പുഴ പീപ്പിൾസ് ബസാറിൽ അരിവണ്ടി യാത്ര ഫ്ലാഗ് ഓഫ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ആലപ്പുഴയിലെ പൊള്ളെത്തൈ, ആര്യാട്, പുന്നപ്ര ചള്ളി കടപ്പുറം, കുട്ടനാട്ടിലെ വൈശ്യംഭാഗം, എടത്വ പച്ച, മാവേലിക്കരയിൽ വലിയപെരുമ്പുഴ, വള്ളികുന്നം, പടയണിവെട്ടം, നൂറനാട് പണയിൽ, ഇടപ്പോൺ കുരിശുംമൂട്, ഓലകെട്ടിയമ്പലം, മുള്ളിക്കുളങ്ങര എന്നിവിടങ്ങളിൽ യാത്ര നടത്തി. ചൊവ്വാഴ്ച ചെങ്ങന്നൂർ, ചേർത്തല ഡിപ്പോകളിലെ വിവിധസ്ഥലങ്ങളിൽ പര്യടനം നടത്തും. സെയിൽസ് സ്റ്റാഫും ഡിപ്പോ പ്രതിനിധിയുമടക്കമുള്ളവർ വാഹനത്തിലുണ്ടാകും. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കരുതണം. പൊതുവിപണയിൽ 60 രൂപക്ക് മുകളിലുള്ള ജയ അരിക്ക് (ഒരുകിലോ) 25 രൂപ നിരക്കിലാണ് നൽകുക. ഒരുകിലോ മട്ട അരി -24 രൂപയും കുറുവ അരി, പച്ചരി എന്നിവക്ക് 25 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.