അരൂർ: ശാന്തി ഭൂമിയിൽനിന്ന് കാടൊഴിഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നോക്കാനാളില്ലാതെ അരൂർ പൊതുശ്മശാനം കാടുകറിയ ‘മാധ്യമം’ വാർത്തയാണ് ഇടപെടലിന് സഹായകമായത്. ശാന്തിഭൂമി കാടുകയറി എന്ന തലക്കെട്ടിൽ ചൊവ്വാഴ്ചയാണ് മാധ്യമം വാർത്ത നൽകിയത്.
ഇതിന് പിന്നാലെ ബുധനാഴ്ച ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടുകയറിയ ശാന്തിഭൂമി എന്ന പൊതുശ്മാശാനം വെട്ടി വെടിപ്പാക്കുകയായിരുന്നു.
ലക്ഷങ്ങൾ ചെലവാക്കി സജ്ജമാക്കിയ പഞ്ചായത്തിലെ പൊതുശ്മശാനം ദീർഘനാളായി ഉപയോഗശൂന്യമായിരുന്നു. എന്നാൽ കഴിഞ്ഞദിവസം അരൂർ നിവാസിയുടെ സംസ്കാരം കിലോമീറ്റർ അകലെയുള്ള നെട്ടൂർ ശ്മശാനത്തിൽ നടത്തിയത് കടുത്തവിമർശനത്തിന് ഇടയാക്കിയിരുന്നു. ജീവനക്കാരൻ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ നൽകിയ വിശദീകരണം. സംസ്കാരം നടത്താൻ ഏർപ്പെടുത്തിയിരിക്കുന്നയാൾ അവധി എടുക്കുന്ന ദിവസം അത് നടക്കില്ലെന്ന വിവരം കടുത്ത പ്രതിഷേധത്തിനിടയാക്കി.
മൃതശരീരം കൊണ്ടുവന്ന് കിടത്താൻ ഷെഡും ടൈൽസ് നിത്തിയതറയും അധികസ്ഥലവും സൗകര്യങ്ങളുംസാംസ്കാരിക പരിപാടികൾ പോലും നടത്താൻ യോഗ്യമാണെന്ന് കൊട്ടിഘോഷിക്കപ്പെട്ട ശാന്തി ഭൂമി കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറുന്നതാണ് വാർത്തയായത്.
കഴിഞ്ഞ ഓണക്കാലത്ത് കൈകൊട്ടി കളി ഉൾപ്പടെയുള്ള സാംസ്കാരിക പരിപാടികൾ നടത്തിയിരുന്ന ശാന്തിഭൂമി കടുത്ത അവഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് പഞ്ചായത്ത് അധികൃതർ ഉണർന്നത്. കാടൊഴിഞ്ഞ ശാന്തിഭൂമിയിൽ ഇനി മുഴുവൻ സമയകാവൽക്കാരനെയും എപ്പോഴും മൃതശരീരം സംസ്കരിക്കാൻ ആളെയും സജ്ജമാക്കിയാൽ ജില്ലയിലെ തന്നെ സൗകര്യമുള്ള ക്രിമിറ്റോറിയമായി അരൂർ ശാന്തിഭൂമി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.