അരൂര്‍: മൂന്നാമത് അരൂര്‍ ജലോത്സവത്തില്‍ കൈക്കരുത്തിന്റെ ശക്തി കാട്ടി തുഴയെറിഞ്ഞ് ‘താണിയന്‍’ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ഹാട്രിക് വിജയം നേടി. തുരുത്തിപ്പുറം ക്രിസ്തുരാജ ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. ബി ഗ്രേഡ് വിഭാഗത്തില്‍ നെട്ടൂര്‍ ബീച്ച് ബോട്ട് ക്ലബ് തുഴഞ്ഞ ‘മയില്‍പ്പീലി’ ഒന്നാം സ്ഥാനം നേടി.
900 മീറ്റര്‍ വരുന്ന ട്രാക്കില്‍ നടന്ന വാശിയേറിയ മത്സരം കാണാൻ ആയിരങ്ങളെത്തി. കായലിന്റെ ഇരുകരകളിലും അരൂക്കുറ്റി പാലത്തിലുമായി കാണികൾ അണിനിരന്നു. ഉച്ചക്ക് മൂന്നോടെ ആരിഭിച്ച മത്സരവള്ളംകളിയും ചടങ്ങുകളും വൈകീട്ട് ഏഴോടെയാണ് സമാപിച്ചത്. എ ഗ്രേഡില്‍ ടി.ബി.സി കൊച്ചിന് ടൗണ്‍ തുഴഞ്ഞ ഗോതുരുത്ത് പുത്രന് രണ്ടാം സ്ഥാനവും, സെയ്ന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബി ഗ്രേഡില്‍ എം.ബി.സി മടപ്ലാതുരുത്ത് തുഴഞ്ഞ മടപ്ലാതുരുത്ത് രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട കാറളം ഇല്ലിക്കല്‍ ബി.ബി.സി തുഴഞ്ഞ പമ്പാവാസന്‍ മൂന്നാം സ്ഥാനവും നേടി.
ലൂസേഴ്സ് ഫൈനലില്‍ എ ഗ്രേഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ താണിയന്‍ ദ ഗ്രേറ്റും, തുരുത്തിപ്പുറവും ഒന്നാം സ്ഥാനം പങ്കിട്ടു. ബി ഗ്രേഡ് ലൂസേഴ്സ് ഫൈനലില്‍ വടക്കുംപുറം ഒന്നാം സ്ഥാനം നേടി. ഉച്ചക്ക് ദലീമ ജോജോ എം.എല്‍.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനസ് അധ്യക്ഷത വഹിച്ചു.
മുന്‍ എം.പി എ.എം. ആരിഫ് ഫ്ലാഗ് ഓഫ് ചെയ്തു. വള്ളംകളി ആരംഭിക്കും മുമ്പേ അരൂര്‍ ബോട്ട് ക്ലബ് വയനാടിനായി സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് എം.എല്‍.എക്ക് കൈമാറി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അനസും, അരൂര്‍ എസ്.എച്ച്.ഒ പി.എസ്. ഷിജുവും ചേര്‍ന്ന് ട്രോഫികള്‍ കൈമാറി. ജനപ്രതിനിധികളടക്കം സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ പ്രമുഖരെ ആദരിച്ചു. കൈതപ്പുഴകായലില്‍ അരൂര്‍ ബോട്ട് ക്ലബ് സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നായി എ, ബി ഗ്രേഡ് വിഭാഗങ്ങളിലായി 18 വള്ളങ്ങളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.