അരൂർ: ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കലക്ടറുടെ നിർദേശപ്രകാരം വ്യാപക പരിശോധനയിലാണ് അരൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെട്ട സംഘം. ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് ജീവനക്കാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പരിശോധന സംഘം 60ഓളം സമുദ്രോൽപന്ന സംസ്കരണ ശാലകൾ, ചെമ്മീൻ പീലിങ് ഷെഡുകൾ, അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന മാലിന്യക്കൂമ്പാരം കണ്ടെത്തി. ഇവ നിർമാർജനം ചെയ്യാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ് സംഘം.
പരിഹാരമുണ്ടായില്ലെങ്കിൽ കർശന നിയമനടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളിൽ നൂറിലേറെ കേസുകളാണ് അരൂരിൽനിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ, അരൂർ ഗ്രാമപഞ്ചായത്തിന്റെ വിളിപ്പാടകലെ ചാക്കുകണക്കിന് മാലിന്യം മാസങ്ങളായി കുമിയുകയാണ്. ദേശീയപാതക്കരികിൽ കെൽട്രോൺ കവലക്ക് തെക്കുവശം ട്രാഫിക് ബൂത്തിന് സമീപമാണ് മാലിന്യം കുമിയുന്നത്. പഞ്ചായത്ത് മണ്ണുമാന്തി യന്ത്രം വാടകക്കെടുത്ത് ലക്ഷങ്ങൾ ചെലവാക്കി കുഴിച്ചുമൂടുകയാണ് പതിവ്. മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച ചില രേഖകളിൽനിന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കിയിരുന്നു.
നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനമുണ്ടായി. സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ അരൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും മലിനീകരണ നിയന്ത്രണത്തിന് കർശന നിർദേശം നൽകുന്ന പഞ്ചായത്ത് വഴിയോരങ്ങളിൽ കുമിയുന്ന മാലിന്യം ഇല്ലാതാക്കാൻ വഴിതേടുകയാണ്. പഞ്ചായത്തിൽ ഫണ്ടില്ലാത്തതുമൂലം മാലിന്യം നീക്കം ചെയ്യാൻ വഴിയില്ലെന്നാണ് അധികാരികൾ പറയുന്നത്. വ്യവസായ കേന്ദ്രത്തിലെ സ്ഥാപനങ്ങളിൽ മലിനീകരണ നിയന്ത്രണത്തിന് കർശന നിർദേശം നൽകുന്ന പഞ്ചായത്തിന് വഴിയോരങ്ങളിലെ മാലിന്യം നീക്കാൻപോലും ഫണ്ടില്ലാത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.