അരൂർ : അരൂർ പള്ളിക്കു മുന്നിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ പഞ്ചായത്ത് അധികാരികൾ എത്തിയത് സംഘർഷത്തിനിടയാക്കി. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. അരൂർ പൊലിസ് സബ് ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
കോയ്മപറമ്പിൽ റോളണ്ട് ഈശിയുടെ പരാതിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഈശിയുടെ വീടിനും വാടകക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങൾക്കും മുന്നിലായി അനധികൃതമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷാ സ്റ്റാൻഡ് നിയമ പ്രകാരമുള്ള ഭാഗത്തേക്കും മാറ്റി സ്ഥാപിക്കണമെന്നാണ് കോടതി വിധി.
പത്തിലധികം വർഷങ്ങളായി ഉപയോഗിച്ചു വരുന്നതായ സ്റ്റാൻഡ് മാറ്റുന്നതിലൂടെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമാണ് തടയപ്പെടുന്നതെന്നും വ്യാജ പരാതി സമർപ്പിച്ച് നേടിയെടുത്ത വിധിയാണിതെന്നും വിധിക്കെതിരെ അപ്പീൽ പോകുകയും സത്യാവസ്ഥ മേൽക്കോടതിയെ ബോധിപ്പിച്ച് അനുകൂല വിധി നേടിയെടുക്കുമെന്നും ഓട്ടോറിക്ഷകളെ പ്രതിനിധീകരിച്ച് സുമേഷ് പറഞ്ഞു.
കോടതിവിധി നടപ്പിലാക്കാതെ മറ്റു നിർവ്വാഹമില്ലെന്ന് സെക്രട്ടറിയും എസ്.ഐയും ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് ഓട്ടോ തൊഴിലാളികൾ വൈകാരികമായ പ്രതികരണങ്ങൾക്കു ശേഷം ഓട്ടോറിക്ഷകൾ മാറ്റിയിടുകയും സംഘർഷത്തിൽ അയവു വരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.