അരൂർ: വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി യാത്ര ചെയ്തത് ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിലൂടെ. മന്ത്രിമാർപോലും യാത്ര ചെയ്യാൻ മടിക്കുന്ന ദുരിതപാതയിലൂടെ മുഖ്യമന്ത്രി വടക്കോട്ടും തെക്കോട്ടും സഞ്ചരിച്ചു.
മുൻകൂട്ടിയറിഞ്ഞ പൊലീസ് വഴിയൊരുക്കാൻ നിർമാണ കമ്പനിക്ക് കർശന നിർദേശമാണ് നൽകിയത്. രാവിലെ മുതൽ നിർമാണം പല സ്ഥലത്തും നിർത്തിവെച്ചു. പൊടി ശല്യം ഒഴിവാക്കാൻ ഇടക്കിടെ നനയ്ക്കുന്നുണ്ടായിരുന്നു. പൊലീസ് കാവൽനിന്ന് ഗതാഗത തടസ്സം ഒഴിവാക്കി.
അപകടകരമായ കുഴികൾ പലതും അടിയന്തരമായി നികത്തി. ഹൈകോടതിയും മനുഷ്യാവകാശ കമീഷനും പാർലമെന്ററി മെംബർമാരുടെ സംഘവും തുടങ്ങി നിരവധി ഏജൻസികൾ പാതയിലെ ദുരിതങ്ങൾ പഠിക്കാൻ എത്തി. എന്നിട്ടും യാത്രക്കാരുടെ ദുരിതങ്ങൾക്ക് അരുതിവരുത്താൻ കഴിഞ്ഞില്ല.
ഇതിനിടയിലാണ് മുഖ്യമന്ത്രി എറണാകുളത്തുനിന്നും ആലപ്പുഴയിലേക്കും വയലാറിൽ എത്തി, വീണ്ടും ആലുവയിലേക്കും യാത്ര ചെയ്യുന്നെന്ന് അറിഞ്ഞത്. അരൂർ മുതൽ തുറവൂർ വരെയുള്ള റോഡിലെ തടസ്സം നേരിട്ട് അറിയാൻ മുഖ്യമന്ത്രിക്ക് അവസരമാകുമെന്ന് നാട്ടുകാരും യാത്രക്കാരും പ്രതീക്ഷിച്ചു. എന്നാൽ, ഒരു തടസ്സവുമില്ലാത്ത വഴിയൊരുക്കാൻ ഉയരപ്പാത നിർമാണം കരാർ എടുത്തിരിക്കുന്ന കമ്പനി തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.