അരൂർ: കർശന നിർദേശങ്ങൾ നിരവധി നൽകിയിട്ടും പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി സന്ദർശിച്ച് ശാസിച്ചിട്ടും കരാർ കമ്പനിയുടെ നയം മാറിയില്ല. അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ഇപ്പോഴും അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും കുറവില്ല. കരാറിൽ ഉൾപ്പെട്ട ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ പാലിക്കാൻ നിർമാണ കമ്പനി കൂട്ടാക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. മഴ കനത്ത് പെയ്ത ശനിയാഴ്ചയും ഞായറാഴ്ചയും റോഡ് മുഴുവൻ വെള്ളത്തിലായി.
ഗതാഗത തിരക്കിനിടയിൽ റോഡിൽ ബസ് കേടായി ഗതാഗത സ്തംഭനമുണ്ടായി. അരൂർ പള്ളിക്ക് സമീപം ദേശീയ പാതയിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ ആറുമണിയോടെ തെക്കോട്ട് കായ്കയറ്റിവന്ന മിനി ലോറി ദേശീയപാതയിൽ ചന്തിരൂർ സെൻറ് മേരിസ് പള്ളിക്ക് മുന്നിലെ കാനയിലേക്ക് താഴ്ന്നു. മണിക്കൂറുകൾക്കുള്ളിൽ വാഹനം പൊക്കി മാറ്റി യാത്ര തുടർന്നു.തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ വടക്കോട്ട് സഞ്ചരിച്ച ചരക്ക് ലോറി അരൂർ ആശുപത്രിക്ക് വടക്കുവശം ബ്രേക്ക് ഡൗണായി നിന്നതും ഗതാഗത സ്തംഭനത്തിനിടയാക്കി.
തിരക്കേറിയ സമയത്തുണ്ടായ തകരാറ് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കി. പൊലീസ് എത്തി വാഹനം ഒരു വശത്തേക്ക് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴപെയ്താൽ റോഡ് പൂർണമായി വെള്ളത്തിലാകുന്ന സ്ഥിതിയാണ്. ദേശീയപാത ഭൂനിരപ്പിൽ നിന്ന് താഴ്ന്നു സ്ഥിതി ചെയ്യുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്. റോഡ് ഉയർത്താതെ വെള്ളക്കെട്ട് ഒഴിവാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവീസ് റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന പാർലമെന്റ് കമ്മിറ്റിയുടെ നിർദേശം പോലും കരാർ എറ്റെടുത്ത കമ്പനി തയ്യാറാകുന്നില്ലെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. നിർദേശം കൊടുക്കുന്ന അധികാരികൾ അവ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്ന് വിമർശനമുണ്ട്.
ഏത് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെങ്കിലും നിർദേശങ്ങൾക്കും ശാസനകൾക്കും പുല്ലുവിലയാണ് നിർമാണ കമ്പനി നൽകുന്നത്. ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്നത് നിർമാണസമയത്ത് പാലിക്കേണ്ട ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ പാലിക്കാതെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതെല്ലാം വ്യക്തമായിട്ടും അധികൃതരെല്ലാം കമ്പനിയുടെ കനിവിനായി കേഴുന്നതാണ് കാണുന്നതെന്ന് സമരക്കാർ പറയുന്നു.
നിർമാണസ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കടക്കം സുഗമമായും സുരക്ഷിതമായും കടന്നുപോകാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ. ഇത് കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
കരാറുകാർ അത് അവഗണിക്കുന്നതാണ് ദേശീയപാത നിർമാണ ഇടങ്ങളിലെ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നത്. കരാർ വ്യവസ്ഥ പ്രകാരമുള്ള ഗതാഗത മാനേജ്മെന്റ് നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജില്ലാഭരണകൂടമാണ്. കലക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ഇത് ഉറപ്പാക്കാത്തതിനാലാണ് അപകടങ്ങൾ പെരുകുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസാണ് (ഐ.ആർ.സി) നിർമാണം നടക്കുന്ന ഇടങ്ങളിൽ പാലിക്കേണ്ട ഗതാഗത മാനേജ്മെന്റ് പ്ലാൻ പുറത്തിറക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.