അരൂർ: അരൂർ ഭഗവതി ഗ്യാസ് ഏജൻസിയിലെ ഉപഭോക്താക്കൾ മാസ്റ്ററിംഗിനായി പൊരിവെയിലത്ത് കാത്തുനിന്ന് വലയുന്നു. ക്യൂ നിന്ന പ്രായമായ സ്ത്രീ തളർന്നു വീണു. അരൂരിൽ എൽ.പി.ജി മസ്റ്ററിങ്ങിനായി ഗുണഭോക്താക്കൾ ഒരേസമയം നിയന്ത്രണമില്ലാതെ എത്തുന്നത് ഏജൻസിക്കും തലവേദനയാകുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അരൂരിലെ ഗ്യാസ് ഏജൻസിയിൽ മാസ്റ്ററിങ് ബുധനാഴ്ച മാത്രമായി പരിമിതപ്പെടുത്തിയതോടെയാണ് തിരക്ക് നിയന്ത്രണതീതമായത്.
കൃത്യമായ ആസൂത്രണമില്ലാതെ മസ്റ്ററിങ് നടത്താൻ ശ്രമിക്കുന്നതാണ് ഗുണഭോക്താക്കളെ കഷ്ടത്തിലാക്കുന്നത്. അരൂരിലെ പാചകവാതക ഗുണഭോക്താക്കളെല്ലാവരും ഒരേസമയം എത്തിയാൽ ക്യൂ നിൽക്കാനുള്ള സൗകര്യം ഏജൻസിയിലില്ല. കടുത്ത വേനലിൽ റോഡിലേക്ക് ക്യൂ നിൽക്കേണ്ടിവരും.ആഴ്ചയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ മാത്രം മസ്റ്ററിങ് അനുവദിക്കുന്നതും തിരക്കുണ്ടാക്കാൻ കാരണമാകുന്നു.
ഒരു ദിവസം നിശ്ചിത എണ്ണം ഉപഭോക്താക്കളോ നിശ്ചിത വാർഡിലെ ഉപഭോക്താക്കളോ മാത്രം എത്തിയാൽ വിഷമത ഒഴിവാകാം. ഉച്ചയ്ക്ക് 12 മണി മുതലുള്ള വെയിൽ കൊള്ളുന്നത് ഹാനികരമാണെന്ന് സർക്കാരുതന്നെ ജാഗ്രത മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിലാണ് കടുത്ത വേനലിൽ ദേശീയപാതയ്ക്കരികിൽ ഗ്യാസ് മാസ്റ്ററിങ് പൊരിവെയിലിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.