അരൂർ: ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ തെക്കുഭാഗത്ത് പ്രവർത്തനരഹിതമായ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപത്ത് മാലിന്യം തള്ളിയയാൾക്ക് അരലക്ഷം രൂപ പിഴ ശിക്ഷിച്ച് ഗ്രാമപഞ്ചായത്ത്. മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേതുടർന്നാണ് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹരിതകർമ സേന പ്രവർത്തകർ മാലിന്യങ്ങളിൽ പരിശോധന നടത്തി. കിറ്റുകളിൽ കണ്ടെത്തിയ വിലാസത്തിൽ അന്വേഷണം നടത്തിയാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്. അരൂർ പതിനേഴാം വാർഡിൽ കാളിയാർ മഠം ഉടമ ബിനീഷിന്റെ സ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന മാലിന്യമാണെന്ന് തിരിച്ചറിഞ്ഞു. ഇവർക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. 50,000 രൂപ അഞ്ചുദിവസത്തിനകം പിഴ അടക്കണമെന്ന് നോട്ടീസിൽ പറയുന്നു. കെൽട്രോൺ കവലയ്ക്ക് തെക്കുവശം ദേശീയപാതയിൽ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി ആരംഭിച്ചു. ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചില്ലെങ്കിൽ ഇനിയും മാലിന്യം തള്ളാൻ സാധ്യതയുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.