അരൂർ: സംസ്ഥാനത്ത് ഏറ്റവുമധികം സമുദ്രോൽപന്ന കയറ്റുമതി വ്യവസായശാലകൾ കേന്ദ്രീകരിച്ചിരിക്കുന്ന അരൂർ മേഖലയെ ട്രോളിങ് നിരോധനം ഗുരുതരമായി ബാധിക്കും. ട്രോളിങ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം പോലെയുള്ള ആനുകൂല്യങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. എന്നാൽ ശാസ്ത്രീയമായ ഒരു പഠനത്തിന്റെയും പിൻബലത്തിലല്ല ഇതെന്ന് സമുദ്രോൽപന്ന വ്യവസായികൾ പറയുന്നു. കേരളത്തിൽ ട്രോളിങ് നിരോധനം ആരംഭിക്കുമ്പോൾ തൊട്ടടുത്ത തമിഴ്നാട്ടിൽ നിരോധനം നീക്കുന്നു. വിദേശ ട്രോളറുകൾക്കും നിരോധനമില്ല. ഇതെല്ലാം ശാസ്ത്രീയമായി പഠിച്ച് പ്രയോഗിക്കാൻ ശേഷിയുള്ള കേന്ദ്രത്തിന് ഫിഷറീസ് മന്ത്രാലയവുമില്ലെന്ന് വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. നിരോധനം നീക്കിയാലുടൻ പൊടിമീനുകൾ ഉൾപ്പെടെ കേരള തീരങ്ങളിൽനിന്ന് വാരിക്കൊണ്ടു പോകാൻ തടസ്സമില്ലാത്തത് മത്സ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്.
തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ വളം നിർമാണ കമ്പനികളിലേക്ക് ടൺകണക്കിന് ചെറു മത്സ്യങ്ങളെ കടത്താൻ തടസ്സമില്ലാത്തത് മത്സ്യ സമ്പത്തിനെതന്നെ ഇല്ലാതാക്കും. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളെ തടയാൻ നിയമങ്ങളില്ലാത്തത് ലാഭക്കൊതിയന്മാർക്ക് വളമാവുകയാണ്. ചെറുമീനുകൾ കടലിൽ ഇല്ലാതാകുന്നത് കേരളതീരങ്ങളിലെ സമുദ്രോൽപന്ന കയറ്റുമതി വ്യവസായത്തെ പ്രതിസന്ധിയിലാക്കും. ഈ മേഖലകളിൽ പണിയെടുത്തിരുന്നവർ ഉപജീവനത്തിന് മറ്റ് തൊഴിലുകൾ ആശ്രയിക്കുകയാണ്. വ്യവസായം പൂർണമായും ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്നുമുണ്ട്.
ഇത് നിലനിർത്താൻ കേന്ദ്ര- കേരള സർക്കാരുകൾ സഹായമൊന്നും ചെയ്യുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി. കേരളതീരങ്ങളിൽ വർഷങ്ങളായി പഴയ കാലങ്ങളിലെ പോലെ ചെമ്മീൻ ലഭ്യമല്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന വെനാമി ചെമ്മീനുകളെ ആശ്രയിച്ചാണ് വ്യവസായം നടക്കുന്നത്. എന്നാൽ മൂന്നുമാസമായി ഇതും ലഭിക്കുന്നില്ല. പതിനായിരങ്ങൾക്ക് ഉപജീവനത്തിന് മാർഗമാകുന്ന സമുദ്രോല്പന്ന- കയറ്റുമതി വ്യവസായം നിലനിർത്താൻ അടിയന്തര ഇടപെടലുകൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് വ്യവസായികളുടെ ആവശ്യം.
അമ്പലപ്പുഴ: ട്രോളിങ് നിരോധനം വന്നതോടെ ചെമ്മീൻ പീലിങ് മേഖല വറുതിയിലേക്ക്. ചാകര പ്രതീക്ഷയും ചതിച്ചാല്‍ പീലിങ് തൊഴിലാളികളുടെ ജീവിതം കിള്ളിക്കിഴിച്ചുള്ളതാകും. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 52 ദിവസമാണ് ട്രോളിങ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതിനാണ് വിലക്ക്. എന്നാല്‍ പരമ്പരാഗത വള്ളങ്ങള്‍ ഇറക്കാം. കാലവര്‍ഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നതിന് തടസ്സമാകും.
ജില്ലയില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് പീലിങ് മേഖലയിലുള്ളത്. പൂവാലന്, കരിക്കാടി ചെമ്മീനുകള്‍ അധികവും എത്തുന്നത് കൊല്ലം, മുനമ്പം, കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ്. ബോട്ടുകളിലെ മത്സ്യബന്ധനത്തിലാണ് ഇവ ലഭിക്കുന്നത്. എന്നാല്‍ ബോട്ടുകള്‍ കരപറ്റിയതോടെ പീലിങ് മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഏറ്റവും കൂടുതൽ പീലിങ് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അരൂര്‍, ചന്തിരൂര്‍, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി, ആറാട്ടുപുഴ പ്രദേശങ്ങളിലാണ്. ആയിരക്കണക്കിന് ചെറുകിട പീലിങ് ഷെഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ജോലിചെയ്യുന്നതിലധികവും സ്ത്രീകളാണ്. വറുതിയിലാകുന്ന തൊഴിലാളികൾക്കായി സർക്കാർ സഹായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.