അരൂർ: ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്താണ് അരൂർ. രാജഭരണകാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിെൻറ വടക്കേ അതിരുംകൂടിയായിരുന്നു. അങ്ങനെ 'അതിരിലുള്ള ഗ്രാമം' എന്ന അർഥത്തിൽ അതിർ ഊര് ലോപിച്ച് അരൂർ ആയതാണെന്ന് പറയപ്പെടുന്നു. അരയന്മാർ വളരെയധികമുള്ള സ്ഥലമായതിനാൽ 'അരയഊര്' ആണ് അരൂർ ആയതെന്നും മറ്റൊരു പക്ഷം. 'അരിയ ഊര്' ആണ് അരൂർ ആയതെന്നും നിഗമനമുണ്ട്. അരിയ ഊര് എന്നാൽ 'ശ്രേഷ്ഠമായ ഗ്രാമം' എന്നാണർഥം. നൂറ്റാണ്ടുകൾക്കുമുമ്പ് കടൽ ആയിരുന്ന പ്രദേശമാണ് അരൂർ. കൊച്ചിയും വൈപ്പിനും പോലെ ചേർത്തലയും അരൂരുമൊക്കെ കടലിൽനിന്ന് രൂപംകൊണ്ട സ്ഥലങ്ങളാണ്.
ആദ്യകാലത്ത് ആളുകളുടെ ജീവിതമാർഗം മീൻപിടിത്തം ആയിരുന്നു. അരയരുടെയും പുലയരുടെയും ഉള്ളാടരുടെയും ഓലമേഞ്ഞ കുടിലുകൾ അക്കാലത്ത് കായലരികത്ത് നിരവധിയായിരുന്നു. അരൂർ കഴിഞ്ഞാൽ കൊച്ചി മറ്റൊരു നാട്ടുരാജ്യമായിരുന്നു. അരൂർ എന്ന പേരുണ്ടായതിനെക്കുറിച്ച് മറ്റൊരു അഭിപ്രായവുമുണ്ട്. തിരുവിതാംകൂർ രാജ്യത്തിെൻറ വാണിജ്യ സംബന്ധമായ ഇടപാടുകൾക്ക് വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു അരൂക്കുറ്റി. 'അതിര് കുറ്റി' എന്ന വാക്കിൽനിന്ന് ഉണ്ടായതാകാം അരൂക്കുറ്റി. കൈതപ്പുഴ കായലോരത്തെ മറ്റൊരു അതിർത്തി ഗ്രാമമെന്ന നിലയിൽ അതിരിലുള്ള ഊര് ആയിരിക്കാം അരൂർ.വഞ്ചിമാർഗം പഴയകാലത്ത് തിരുവനന്തപുരത്തേക്ക് മുറജപത്തിന് പോയിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾ യാത്രാമധ്യേ അരൂർ പാവുമ്പായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നതായി തിരുവിതാംകൂർ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പല്ലക്ക് ചുമന്നിരുന്നത് അരയന്മാരാണെന്നും പറയപ്പെടുന്നു. കൊച്ചി രാജ്യത്തേക്ക് ഏറ്റവും കൂടുതൽ നെല്ലും അരിയും കയറ്റിക്കൊണ്ടുപോയിരുന്നത് അരൂരിൽനിന്നാണ്. ഭക്ഷ്യക്ഷാമ കാലത്ത് ഇടക്കൊച്ചിയിൽനിന്ന് ഇങ്ങോട്ടും അരി കൊണ്ടുവന്നിരുന്നു. പ്രദേശത്ത് കൃഷിയും മീൻപിടിത്തവും കഴിഞ്ഞാൽ, കയറുപിരിക്കലായിരുന്നു മുഖ്യതൊഴിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.