തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി എൽ.ഡി.എഫ് കൺവെൻഷൻ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും നടത്തിയ സമരങ്ങൾ

തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി ഇടത് തെരഞ്ഞെടുപ്പ് പ്രചാരണം: അരൂരിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചു

അരൂർ: തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയമായി ചൂഷണം ചെയ്ത് അനധികൃതമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവൃത്തി ദിവസത്തിൽ അവധിയെടുപ്പിച്ച് ഇടതുപക്ഷ സ്ഥാനാർഥിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ നിർബന്ധം ചെലുത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫിലെയും എൻ.ഡി.എയിലെയും മെമ്പർമാരാണ് പഞ്ചായത്ത് ഒാഫീസിനു മുന്നിലാണ് പ്രതിഷേധിച്ചത്.

ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അരൂർ എൻ.എസ്.എസ് ഹാളിൽ ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവൻഷൻ ഇടതുപക്ഷത്തിനായി സംഘടിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ കൂട്ടുനിന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തത് സംഘർഷത്തിനു കാരണമായി. ഇന്ന് രാവിലെയാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. തുടർന്ന് യു.ഡി.എഫും ബി.ജെ.പിയും പഞ്ചായത്ത് ഒാഫീസിനു മുന്നിൽ പ്രത്യേകം പ്രതിഷേധ ധർണകൾ നടത്തുകയുണ്ടായി.

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് അധികാരിയായ ജില്ലാ കലക്ടർക്ക് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്‍റെ അധികാര ദുർവിനിയോഗത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തിയത്. യു.ഡി.എഫിന്‍റെ പ്രതിഷേധ പ്രകടനത്തിന് പാർലമെന്‍ററി പാർട്ടി നേതാവ് വി.കെ. മനോഹരൻ, ബ്ലോക്ക് അംഗം മേരി ദാസൻ പഞ്ചായത്ത് മെമ്പർമാരായ സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, ജ്യോതി ലക്ഷ്മി, എലിസബത്ത് സേവ്യർ, ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വം നൽകി.

എൻ.ഡി.എയുടെ പ്രതിഷേധ ധർണക്ക് ബി.ജെ.പി നേതാക്കന്മാരായ കെ.എൽ. സുരേഷ്, ഗിരീഷ്, അഗസ്റ്റിൻ കളത്തറ, പ്രീതി ഷാജി, പഞ്ചായത്ത് മെമ്പർ സന്ധ്യ ശ്രീജൻ എന്നിവർ നേതൃത്വം കൊടുത്തു.

Tags:    
News Summary - The Congress and the BJP staged protests in Aroor Grama Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.