അരൂർ: മാലിന്യമടിഞ്ഞ് കാടുകയറിയ സ്ഥലം മനോഹരമായ ഉദ്യാനമായി മാറും. ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ അരൂരിൽ കണ്ടെത്തിയ സ്ഥലമാണ് താൽക്കാലികമായി ഉദ്യാനമാകുന്നത്. ശ്രീകണ്ഠേശ്വരം ശ്രീനാരായണ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരും ചുമതലപ്പെട്ട അധ്യാപകരുമാണ് ഉദ്യമത്തിത്തിന് പങ്കാളികളാകുന്നത്. അരൂർ ഗവ. ഹൈസ്കൂളിൽ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിസ്മസ് അവധിക്കാലത്ത് എൻ.എസ്.എസ് വളന്റിയർമാർ സംഘടിപ്പിക്കാറുള്ള സാമൂഹികസേവന പ്രവർത്തനത്തിന്റെ ഭാഗമായാണ് അരൂർ-ഇടക്കൊച്ചി പാലത്തിന്റെ കിഴക്കുഭാഗത്തുള്ള കായൽത്തീരത്തെ മാലിന്യം നീക്കംചെയ്ത് പൂന്തോട്ടം ഒരുക്കുന്നതെന്ന് പ്രോഗ്രാം ഓഫിസർ കെ. ശ്രീജിത് പറഞ്ഞു. നിഷ ടീച്ചറും വളന്റിയർ ലീഡറായ അദ്വൈതുമാണ് നേതൃത്വം കൊടുക്കുന്നത്. മുളകൊണ്ടുള്ള വേലികളും ഇരിപ്പിടങ്ങളും ഊഞ്ഞാലും പ്രദേശത്ത് ഒരുക്കുന്നുണ്ട്. നാട്ടുകാർക്ക് ഈ സ്ഥലം മിനി പാർക്കായി ഉപയോഗിക്കാം. ബോട്ട് നിർമാണ കമ്പനിയായ ‘പ്രാഗാ മറൈൻ’ നിരീക്ഷണ കാമറ സ്ഥാപിക്കാനും ചെടികൾ നനക്കാൻ പൈപ്പ് ഒരുക്കാനും തയാറായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.