അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ വെളുത്തുള്ളി ഗ്രാമപ്രദേശം പലതുകൊണ്ടും പ്രസിദ്ധമാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗൗരിയമ്മയുടെയും എ.കെ. ആന്റണിയുടെയും നിർണായക ഇടപെടലിന്റെ രേഖപ്പെടുത്തൽ കൂടിയായിരുന്നു വെളുത്തുള്ളി സമരം. ശാന്തസുന്ദരമായ ഈ കായൽ പ്രദേശത്തേക്ക് സ്വസ്ഥത തേടിയെത്തുന്നവർ അനവധിയാണ്.
ചന്തിരൂർ ഗവ. ഹൈസ്കൂളിന് എതിർവശത്തുകൂടി പടിഞ്ഞാറേക്കുള്ള റോഡിലൂടെ യാത്ര ചെയ്താൽ എത്തിച്ചേരാവുന്നയിടമാണ് ഈ പ്രദേശം. തീരദേശ റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ മറ്റൊരു ലോകമാണിവിടം. റോഡിന്റെ ഇടതുഭാഗത്ത് മത്സ്യപ്പാടം, വലതുവശത്ത് വിശാലമായ കായൽ, സദാസമയവും വീശിക്കൊണ്ടിരിക്കുന്ന തണുത്തകാറ്റ്... വടക്കോട്ട് നോക്കിയാൽ ചെറു തുരുത്തുകളാൽ സമ്പന്നമാണ് വിശാലമായി പരന്നുകിടക്കുന്ന കായൽ. വശ്യമായ ഈ ദൃശ്യസമ്പത്ത് ആരെയും ആകർഷിക്കും.
ഗ്രാമ്യജീവിതത്തിന്റെ ലാളിത്യം ഇവിടെ കാണാം. അൽപംകൂടി പടിഞ്ഞാട്ട് നീങ്ങിയാൽ കായലിൽനിന്ന് മത്സ്യപ്പാടത്തേക്ക് വെള്ളംകയറ്റുന്ന പത്താഴം കാണാം. വേലിയിറക്ക സമയത്ത് മത്സ്യപ്പാടത്തുനിന്ന് കായലിന്റെ വേലിയിറക്കത്തിലേക്ക് വെള്ളത്തോടെ മത്സ്യങ്ങളും കുത്തിയൊഴുകി വരുമ്പോൾ വലയിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ പത്താഴത്തിൽ കാണാം. വെള്ളത്തിന്റെ ശക്തിയായ കുത്തൊഴുക്കും വലയിൽ പിടയുന്ന മത്സ്യങ്ങളും അപൂർവമായ കാഴ്ചയാണ്. ആവശ്യക്കാർക്ക് മത്സ്യങ്ങൾ ഇവിടെനിന്ന് വാങ്ങാം. നൂറിലധികം ഏക്കറിൽ വിശാലമായി പരന്നുകിടക്കുന്ന മത്സ്യപ്പാടവും കുറുമ്പിക്കായലും വേർതിരിക്കുന്ന ബണ്ടിലാണ് വെളുത്തുള്ളി നിവാസികൾ വീടുവെച്ച് താമസിക്കുന്നത്.
വീടുകൾക്കരികിലൂടെയുള്ള ഈ റോഡിലൂടെ അരക്കിലോമീറ്ററോളം ഉല്ലാസ സവാരി നടത്താം. അത്യപൂർവമായ ഗ്രാമ്യക്കാഴ്ചകൾക്കും ശാന്തിതേടിയുള്ള യാത്രകൾക്കും വെളുത്തുള്ളിയിൽ സഞ്ചാരികൾ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.