അരൂർ: ദിവസത്തിലെ ഓരോ മണിക്കൂർ ചെലവഴിക്കാന്‍ ഉതകുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ നാഷനല്‍ ജ്യോഗ്രഫിക് മാസിക നിർദേശിച്ച ലോകത്തെ 24 സവിശേഷ ഇടങ്ങളിൽ നമ്മുടെ കൊച്ച് കേരളം സ്ഥാനംപിടിച്ചിട്ട് നാലുകൊല്ലം പിന്നിട്ടു. ദക്ഷിണേഷ്യയിൽതന്നെ കേരളത്തിന് മാത്രമാണ് ഈ അപൂർവ ബഹുമതി ലഭിച്ചത്. ന്യൂയോര്‍ക്ക്, പാരീസ്, ടോക്കിയോ തുടങ്ങിയ ലോക പ്രശസ്തമായ സ്ഥലങ്ങള്‍ക്കൊപ്പം, എരമല്ലൂരിന് സമീപം വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദ്വീപായ കാക്കതുരുത്താണ് കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്.
വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ, ലോകത്തിലെ സവിശേഷ ഇടങ്ങളെപ്പറ്റി നാഷനല്‍ ജ്യോഗ്രഫിക് മാസിക പ്രസിദ്ധീകരിച്ച 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്സ്' (24 മണിക്കൂറിലെ ലോകസഞ്ചാരം)' എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറിൽ പരാമർശം വന്നതിന് ശേഷം ഈ അവികസിത പ്രദേശം തേടി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ സ്വന്തം നിലയിൽ എത്തിച്ചേരുകയായിരുന്നു.
നാറ്റ് ജിയോ കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തെ വര്‍ണിച്ചതിങ്ങനെയാണ്. 'മീന്‍പിടിത്തക്കാര്‍ ചെറുവഞ്ചികളില്‍ വീടണയുന്നു. സാരിയണിഞ്ഞ സ്ത്രീകള്‍ സന്ധ്യാവിളക്ക് കൊളുത്തുന്നു, അഴിമുഖങ്ങളില്‍ ചീനവലകള്‍ കെട്ടുന്നു, ശലഭങ്ങളെ ഇരയാക്കുന്ന വവ്വാലുകള്‍ ചക്രവാളങ്ങളിലേക്ക് പറന്നകലുന്നു. അഭൗമമാണ് ഈ ചാരുത, ഇരുള് പരക്കുന്നതിനു മുമ്പുള്ള ചൈതന്യത്തിെൻറ അന്തിമപ്രശോഭ.' ഇത് വായിച്ചാൽ ഇവിടേക്ക് വരാതിരിക്കുവതെങ്ങനെ?
ലോകമാധ്യമങ്ങൾ ഏറ്റുപിടിച്ച ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കാക്കത്തുരുത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പിനോ ടൂറിസം െഡവലപ്മെൻറ് കോർപറേഷനോ കഴിഞ്ഞില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പോലും ഇത് കണ്ടില്ലെന്ന് നടിച്ചു. അവരെല്ലാം കൈകഴുകിയെങ്കിലും പ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കഴിയാതെപോയ എഴുപുന്ന ഗ്രാമപഞ്ചായത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. പദ്ധതി ഏറ്റെടുത്തിരുന്നുവെങ്കിൽ പഞ്ചായത്തിെൻറ തനത് വരുമാനം വർധിപ്പിക്കാൻ കഴിയുമായിരുന്നു. അക്ഷന്ത്യവമായ ഈ അലംഭാവം ചരിത്രത്തിെൻറ ഭാഗമായി കാലം രേഖപ്പെടുത്തപ്പെടുമെന്നതിൽ സംശയമില്ല. മറ്റേതെങ്കിലും വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ ഈ ഒരൊറ്റ കാര്യംകൊണ്ട് കേരളംതന്നെ രക്ഷപ്പെടുമായിരുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന യാതൊന്നും ഇവിടെ ചെയ്യാൻ കഴിയാതെ പോയി.
പ്രാദേശികമായി ചില ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം ഒറ്റപ്പെട്ടതായി മാറി ഫലപ്രദമായില്ല. ആദ്യനാളുകളിൽ വാർത്ത കേട്ട് ആയിരക്കണക്കിനാളുകൾ ചോദിച്ചറിഞ്ഞ് ഇവിടെയെത്തിയിരുന്നു. എന്നാൽ, ഒരു സൗകര്യവും ഇല്ലാത്ത ഇവിടം കണ്ട് അവർ തിരിച്ചു പോയി. നിരാശരായ അവർ അവിടെ ഒന്നും കാണാനില്ലെന്ന് പറഞ്ഞുപരത്തി. ദേശീയപാതയിൽനിന്ന് കാക്കത്തുരുത്തിലേക്ക് തിരിയേണ്ട റോഡിൽ ഒരു സൈൻ ബോർഡ് പോലും സ്ഥാപിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ലെന്നത് മാത്രം മതി ബന്ധപ്പെട്ടവരുടെ താൽപര്യം മനസ്സിലാക്കാൻ.
പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസമെന്ന സങ്കൽപത്തിൽ ദീർഘദൃഷ്ടിയോടെ ഭാവനാപൂർണമായി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രാപ്തരായവർ അധികാരസ്ഥാനങ്ങളിൽ വരാത്തിടത്തോളം കാക്കത്തുരുത്തിന് ശാപമോക്ഷം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.