ആലപ്പുഴ: പൊലീസുകാരോട് ഡി.ജി.പിയുടെ സർക്കുലർ ഓർമിപ്പിച്ചതിന് പി.എസ്.സി ഉദ്യോഗസ്ഥനെ മർദിച്ച് കള്ളക്കേസെടുത്ത സംഭവത്തിൽ ചേർത്തല എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാൻ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ചേർത്തല പൂത്തോട്ട വളവിൽ 2019 ഡിസംബർ 14നായിരുന്നു സംഭവം. വാഹനപരിശോധന നടത്തിയ പൊലീസ് സംഘത്തോട് ഇത് പാടില്ലെന്ന് ഡി.ജി.പിയുടെ സർക്കുലറിനെക്കുറിച്ച് പരാതിക്കാരനായ രമേഷ് എച്ച്. കമ്മത്ത് ഓർമിപ്പിച്ചു.
ഇത് കേട്ടയുടൻ പ്രകോപിതരായ പൊലീസുകാർ പരാതിക്കാരനെ മർദിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കുകയായിരുന്നു. ചേർത്തല ഗ്രേഡ് എസ്.ഐ ബാബു, സി.പി.ഒ തോമസ്, ഡ്രൈവർ സുധീഷ് എന്നിവർക്കെതിരെയാണ് പരാതി. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പുറമെ കമീഷെൻറ അന്വേഷണ വിഭാഗവും അന്വേഷിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ശിപാർശയിൽ കമീഷെൻറ അന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാർക്ക് വിശദീകരണം നൽകാനുള്ള അവസരമാണ് നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ, വിളയോടി ശിവൻകുട്ടി തുടങ്ങിയവരും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.