ആലപ്പുഴ: ആലപ്പുഴ കടപ്പുറവും പാർക്കും ഔദ്യോഗികമായി തുറക്കുന്നത് തിങ്കളാഴ്ചയാണ്. എന്നാൽ, ഞായറാഴ്ചത്തെ വൻതിരക്ക് കണ്ടാൽ ബീച്ച് നേരത്തേ തുറന്നോയെന്ന് സംശയം തോന്നും.
അവധിദിവസമായ ഞായറാഴ്ചയും ശനിയാഴ്ചയും രാവിലെ മുതൽ കുട്ടികളെയും കൂട്ടിയാണ് പലരും കടലിെൻറ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
ഞായറാഴ്ച വൈകുന്നേരമായപ്പോൾ തിരക്ക് ഏറെ വർധിച്ചു. കടലോരങ്ങളിൽ കുടുംബസമേതമെത്തിയവർ കുട്ടികളുമായി ആർത്തുല്ലസിച്ചപ്പോൾ കൗമാരക്കാർ തകർന്ന കടൽപ്പാലത്തിെനാപ്പം സെൽഫിയെടുത്താണ് അതിജീവനം ആഘോഷമാക്കിയത്. 10 മാസത്തെ ഇടവേളക്കുശേഷം ബീച്ച് തുറക്കുന്നതോടെ കടപ്പുറത്തെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിടവ്യാപാരികൾ കടകൾ വൃത്തിയാക്കിയും സാധനങ്ങൾ വാങ്ങിക്കൂട്ടിയും ജനത്തെ വരവേറ്റു. ചിലർ ആൾത്തിരക്ക് മുന്നിൽ കണ്ട് നേരത്തേ കടകളും തുറന്നിരുന്നു.
ജില്ലയിലെ കായൽ ടൂറിസം ഉൾപ്പെടെ മറ്റ് വിനോദ സഞ്ചാരമേഖലകൾ നേരത്തേ തുറന്നിരുന്നു. ഹൗസ്ബോട്ടുകളിലും ശിക്കാരവള്ളങ്ങളിലും തദ്ദേശീയരടക്കം വിനോദസഞ്ചാരികളുടെ വൻതിരക്കും അനുഭവപ്പെട്ടിരുന്നു.
കൂടുതൽ സന്ദർശകർ എത്തുന്നതിനാൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ബീച്ചും പരിസരവും ശുചീകരിച്ചു. ഇതിനൊപ്പം ബീച്ചിലെത്തുന്നവർക്ക് കൈകൾ കഴുകുന്നതിന് രണ്ട് വാഷ്ബേസിനുകൾ സ്ഥാപിച്ചു. കുട്ടികളുടെ വിജയ് പാർക്ക് നവീകരിച്ചാണ് തുറക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി മാലിൻ മുരളീധരൻ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങളും മറ്റ് രോഗങ്ങളുമുള്ളവർക്കും ബീച്ചുകളിലും പാർക്കുകളിലും പ്രവേശനമില്ല. സന്ദര്‍ശകര്‍ മാസ്ക് ശരിയായി ധരിക്കുകയും സമൂഹഅകലവും സാനിറ്റൈസർ ഉപയോഗവും ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഇടയ്ക്കിടെ മൈക്ക് അനൗണ്‍സ്മെൻറ് നടത്തും.
ബീച്ച്, വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കടകള്‍ തുടങ്ങിയവ ഇടവേളകളില്‍ അണുമുക്തമാക്കും. വേസ്റ്റ് ബിന്നുകള്‍, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കും.
ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവര്‍ത്തനത്തില്‍ മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, റവന്യൂ അധികാരികള്‍, ടൂറിസം ഡെപ്യൂട്ടി, ഡി.ടി.പി.സി സെക്രട്ടറി, പോര്‍ട്ട് ഓഫിസര്‍ എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.