ആലപ്പുഴ: കോവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബീച്ചുകളിൽ ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും വൈകീട്ട് ഏഴുവരെ മാത്രം പ്രവേശന അനുമതി നൽകിയാൽ മതിയെന്ന് ജില്ല കലക്ടർ. കലക്ടറുടെ അധ്യക്ഷതയിൽ ജില്ലതല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
വിവാഹം, പൊതു ചടങ്ങുകൾ എന്നിവക്ക് ആളുകളുടെ എണ്ണം മുൻനിശ്ചയപ്രകാരം കർശനമായി നിയന്ത്രിക്കും. വിവാഹവും മറ്റ് പൊതുചടങ്ങുകളുടെയും സമയം രണ്ടുമണിക്കൂറായി ചുരുക്കും.
പൊതുപരിപാടികൾ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായി രജിസ്റ്റർ ചെയ്യണം. കടകളിലും മറ്റും നിൽക്കുന്ന ജീവനക്കാർ ഒരാഴ്ചക്കുള്ളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകണം. നൂറിലധികം ആളുകളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കണം എങ്കിൽ അവർ രണ്ടാംഘട്ട വാക്സിനേഷൻ എടുത്തവരും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.
ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും രോഗികളെ സന്ദർശിക്കാൻ എത്തുന്നവർ വാക്സിനേഷൻ സ്വീകരിച്ചവരോ ആർ.ടി. പി.സി.ആർ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന വെക്കാൻ കലക്ടർ നിർദേശിച്ചു.
യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല പൊലീസ് മേധാവി ജയദേവ്, ജില്ല മെഡിക്കൽ ഓഫിസർ എൽ.അനിതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.