ആലപ്പുഴ: കടൽവെള്ളത്തിന് ചൂടുകൂടുന്ന സാഹചര്യത്തിൽ തീരക്കടലിൽ മത്സ്യസമ്പത്ത് കുറയുന്നു. ഇതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും പ്രതിസന്ധിയുടെ നടുക്കടലിൽ. വലയിൽ കോരുന്നത് വിറ്റാൽ ഇന്ധനച്ചെലവിനുപോലും കാശു കിട്ടുന്നില്ലെന്ന് തൊഴിലാളികൾ സങ്കടം പറയുന്നു. കടലിൽ പോകുന്നവർ മാത്രമല്ല വലയുന്നത്. അനുബന്ധ തൊഴിൽ ചെയ്യുന്നവരും വറുതിയിലാണ്. മത്സ്യലഭ്യത കുറഞ്ഞതിനെത്തുടർന്ന് മീൻപിടിക്കാൻ പോകാതെ വള്ളം തീരങ്ങളിൽ അടുപ്പിച്ചിട്ടിരിക്കുന്നു. കായംകുളം അഴിമുഖം വഴി കടലിൽ പോകുന്ന ആലപ്പുഴ, കൊല്ലം ജില്ലകളിലെ വള്ളങ്ങളുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞെന്ന് തൊഴിലാളികൾ.
കായംകുളം കായലിൽ വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ വരെ പലയിടത്തായി വള്ളങ്ങളെല്ലാം കെട്ടിയിരിക്കുകയാണ്. ഒരുമാസമായി വള്ളങ്ങൾക്കും ബോട്ടുകൾക്കും കാര്യമായൊന്നും കിട്ടുന്നില്ല. കടലിൽ പോകുന്ന ചുരുക്കം വള്ളങ്ങളിൽ കിട്ടുന്നത് കരിച്ചാളയും പൊടിമീനും മറ്റും. ഇതിനുകാര്യമായ വിലയില്ല. പൊന്തുവള്ളക്കാരും ദുരിതത്തിലാണ്.
അർത്തുങ്കൽ, ചെത്തി, മാരാരിക്കുളം, പൊള്ളേത്തൈ, ഓമനപ്പുഴ, പൂങ്കാവ് മേഖലയിലെ മത്സ്യത്തൊഴിലാളികളിൽ പലരും കടലിൽ പോകുന്നില്ല. അന്ധകാരനഴി, ചെല്ലാനം മിനി ഫിഷിങ് ഹാർബർ എന്നിവിടങ്ങളിൽനിന്ന് ഏതാനും വള്ളങ്ങൾ മാത്രമേ പോകുന്നുള്ളൂ.
കടലിൽ പോയാലും കിട്ടുന്നത് കുറച്ച് വട്ടച്ചാള മാത്രം. ചൂടു കൂടുമ്പോൾ മത്സ്യലഭ്യത കുറയുന്നത് പതിവാണ്. ഓരോ വർഷവും ചൂടും മത്സ്യക്ഷാമവും കൂടുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ അനുഭവം.
പലയിടത്തും കുറച്ചെങ്കിലും കിട്ടുന്നത് മത്തിയാണ്. രാത്രിയിലെ മീൻപിടിത്തവും പ്രതിസന്ധിയുണ്ടാക്കുന്നെന്ന് മത്സ്യത്തൊഴിലാളികൾ. രാത്രി മീൻപിടിത്തത്തിന് നിരോധനമുണ്ടെങ്കിലും ചിലർ ലംഘിക്കുന്നു. രാത്രി മീനുകൾ തീരക്കടലിലേക്കു നീങ്ങും. അപ്പോൾ വള്ളമിറക്കിയാൽ അവ ആഴക്കടലിലേക്കു പോകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. രാത്രി കടലിൽ പോകുന്ന യാനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.
കടൽ പ്രതീക്ഷ തകർക്കാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ പലരും മറ്റുജോലികൾക്ക് പോകുകയാണിപ്പോൾ. സ്ത്രീകൾ തൊഴിലുറപ്പുജോലിക്കു പോകുന്നതിനാലാണ് പല കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്. തീരക്കടലിൽ രാത്രി മത്സ്യബന്ധനം പൂർണമായും ഒഴിവാക്കാൻ ഫിഷറീസ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് മത്സ്യത്തൊഴിലാളി യൂനിയനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.