ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ആവർത്തിക്കുന്നത് പഠിക്കാൻ അടുത്തദിവസം വിദഗ്ധ സംഘമെത്തും. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെയും വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് ജില്ലയിൽ പരിശോധനക്ക് എത്തുന്നത്. പഠനറിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകാൻ മന്ത്രി ജെ. ചിഞ്ചുറാണിയും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ കാക്കകളിലടക്കം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയപഠനം. അതേസമയം, രോഗവ്യാപനം വർധിച്ചതിൽ ആശങ്കയുണ്ട്.
രോഗബാധ സംശയത്തിൽ മണ്ണഞ്ചേരി, മുഹമ്മ, ചേർത്തല തെക്ക് പഞ്ചായത്തുകളിൽനിന്ന് പുതിയ സാമ്പിളുകൾ ശേഖരിച്ചു. ഇവ ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. നേരത്തേ പക്ഷിപ്പനി സ്ഥിരീകരിച്ച ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയാക്കാനായില്ല. ഇത് ഞായറാഴ്ചയും തുടരുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അിയിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിലെ 14, 15,16 വാർഡുകൾ ഉൾപ്പെടുന്ന പ്രഭവകേന്ദ്രത്തിൽനിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്ന് കത്തിക്കുന്നത്. ചേർത്തലയിൽ 3505ഉം കഞ്ഞിക്കുഴിയിൽ 2942 പക്ഷികളെയുമാണ് കൊല്ലുന്നത്. രണ്ടിടത്തുമായി 10 ആർ.ആർ.ടി സംഘമാണുള്ളത്.
മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ പൊതുസ്ഥലത്തും വീടുകളിലും മാലിന്യ സംസ്കരണം ഫലപ്രദമായി നടത്തമെന്നാണ് അധികൃതരുടെ നിർദേശം. ജില്ലയിൽ ഇതുവരെ 13 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ, തഴക്കര, ചെറുതന, എടത്വ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക്, തകഴി അടക്കമുള്ള പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധിച്ചത്.
14 എണ്ണം പരിശോധനക്ക് അയച്ചു
ആലപ്പുഴ: കാക്കയിൽ രോഗം സ്ഥിരീകരിച്ചതോടെ മറ്റ് പക്ഷികളുടെയും സാമ്പിൾ ശേഖരിച്ചു. ആലപ്പുഴ ജില്ലയിൽനിന്ന് ബ്രോയിലർ കോഴികളുടെയും കാടയുടെയും കൊക്കിന്റെയും കാക്കയുടെയും പരുന്തിന്റെയും ഉൾപ്പെട 13 എണ്ണവും കോട്ടയം ജില്ലയിൽനിന്ന് താറാവിന്റെ ഒരു സാമ്പിളുമാണ് ശേഖരിച്ചത്. വിഗദ്ധ പരിശോധനക്കായി ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 19 കേന്ദ്രങ്ങളിലായി 29,589 പക്ഷികളാണ് ചത്തത്. പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലെ 1,02,758 പക്ഷികളെ കൊല്ലുകയും 14732 മുട്ടയും 15221 കിലോ തീറ്റയും നശിപ്പിച്ചു.
കേരളത്തിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കർമപദ്ധതി ആവിഷ്കരിക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമീഷണറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സംഘവും ചർച്ചയിൽ പങ്കെടുത്തു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയും ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പിഡെമോളജി ആൻഡ് ഡിസീസ് ഇൻഫോർമാറ്റിക്സിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാവും പഠനറിപ്പോർട്ട് തയാറാക്കുകയെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി വ്യാപകമായി കോഴികളെയും താറാവുകളെയും കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് കെ.സി. വേണുഗോപാൽ എം.പി. താറാവുകളിലാണ് നേരത്തേ കുട്ടനാട്ടിൽ രോഗം കണ്ടെത്തിയതെങ്കിൽ ചേർത്തല താലൂക്കിലും കോട്ടയത്തും കോഴികളിലും വളർത്തുപക്ഷികൾക്കുമാണ് രോഗബാധ കണ്ടെത്തിയത്.
നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്. എന്നാൽ, സർക്കാറുകൾ കർഷകരോട് അനീതിയാണ് കാട്ടുന്നത്. രോഗം പടർന്നത് തടയാൻ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണം. ആലപ്പുഴ കേന്ദ്രീകരിച്ച് ലാബ് സൗകര്യം ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.