ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ രണ്ടുദിവസത്തിലായി 15,655 താറാവിനെ കൊന്നൊടുക്കി. മൃഗസംരക്ഷണവകുപ്പിെൻറ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന ഏഴ് റാപ്പിഡ് റെസ്പോൺസ് ടീം പക്ഷിപ്പനിബാധിത മേഖലയിലെത്തി താറാവുകളെ പിടികൂടി ചാക്കിൽ കെട്ടിയാണ് സംസ്കരിച്ചത്.
രണ്ടാം ഘട്ടത്തിൽ പക്ഷിപ്പനി ബാധിച്ച മേഖലയിൽ മാത്രം 38,678 താറാവിനെയാണ് കൊന്നുകത്തിക്കേണ്ടത്. ഇതനുസരിച്ച് നെടുമുടിയിൽ 22,803 ഉം കരുവാറ്റയിൽ 15,875 ഉം താറാവുകളെയാണ് െകാല്ലേണ്ടത്. നെടുമുടി പഞ്ചായത്തിലെ നാല്, 12, 15 വാർഡുകളിലും കരുവാറ്റ പഞ്ചായത്തിൽ ഒന്നാം വാർഡിലുമാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നെടുമുടിയിൽ 7155 ഉം കരുവാറ്റയിൽ 8500ഉം താറാവുകൾ ഉൾപ്പെടെ 15,655 എണ്ണത്തെയാണ് കൊന്നത്. ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനഫലം ചൊവ്വാഴ്ച വൈകീട്ട് എത്തിയതോടെയാണ് കൂടുതൽ മേഖലയിൽ പക്ഷിപ്പനിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച മൃഗസംരക്ഷണവകുപ്പിെൻറ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന ഏഴ് റാപ്പിഡ് റെസ്പോൺസ് ടീമുകൾ താറാവുകളടക്കമുള്ള പക്ഷികളെ പിടികൂടി കൊന്നൊടുക്കുകയായിരുന്നു. സംഘത്തിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരും രണ്ട് അറ്റൻഡർമാരുമാണുള്ളത്.
ബുധനാഴ്ച വിറകിെൻറ ലഭ്യതക്കുറവിനൊപ്പം പഞ്ചായത്തുകൾക്ക് ഫണ്ടില്ലാത്തതും കത്തിക്കൽ നടപടിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വിറകും ഡീസലും പഞ്ചസാരയും അടക്കമുള്ള വസ്തുക്കൾ വാങ്ങുന്നതിന് പഞ്ചായത്തുകളുടെ തനത് ഫണ്ടിൽനിന്ന് പണം കണ്ടെത്തിയാണ് പ്രതിസന്ധിക്ക് വിരാമമിട്ടത്. നെടുമുടി പഞ്ചായത്തിൽ മാത്രം താറാവുകളെ കത്തിച്ച് മറവുചെയ്യാൻ അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവായത്. ചെലവായ പണത്തിെൻറ ഒരുവിഹിതം നൽകണമെന്ന് കലക്ടറോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവാറ്റയിലും മൂന്നുലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
വിറക് ലഭിക്കാൻ വൈകിയതിനാൽ ബുധനാഴ്ച കരുവാറ്റയിൽ കൊന്ന് കത്തിക്കുന്ന പ്രവൃത്തി നടന്നില്ല. നെടുമുടി പഞ്ചായത്ത് നാലാംവാർഡിൽ കാക്കാപറമ്പിൽ ബെന്നിച്ചൻ,12ാം വാർഡിൽ വൈശ്യംഭാഗം മനുഭവനിൽ പി.വി. ബാബു, 15ാം വാർഡിൽ സുമേഷ്, കരുവാറ്റ പഞ്ചായത്ത് ഒന്നാംവാർഡിൽ പുത്തൻപുരയിൽ രാജു, പനപടയിൽ ഹരികുമാർ, പുല്ലമ്പാത്തേരിൽ സന്തോഷ് തുടങ്ങിയ കർഷകരുടെ താറാവുകളെയാണ് കൊല്ലുന്നത്.
നടപടി വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടരും. പക്ഷിപ്പനി ബാധിച്ച ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഡീസലും പഞ്ചസാരയും ഉപയോഗിച്ചാണ് കത്തിച്ചത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 12,500 താറാവിനെ കൊന്ന് സംസ്കരിച്ചിരുന്നു. രോഗം ബാധിച്ച പ്രദേശത്ത് താറാവുകളുമായി സമ്പർക്കം പുലർത്തിയവർക്ക് ആൻറി വൈറസ് മരുന്നുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.