ആലപ്പുഴ: കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ താറാവ് കർഷകർക്കുണ്ടായ ദുരിതം തുടരുന്നു. താറാവ്വിപണി പൂർണമായും സതംഭനാവസ്ഥയിലാണ്. വേനലിന്റെയും കൃഷിനാശത്തിന്റെയും കെടുതികൾ നേരിടുന്നതിനിടയിലാണ് താറാവ് കർഷകർക്ക് ആശങ്ക ഉയർത്തി പക്ഷിപ്പനി പടർന്നു പിടിച്ചത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ രണ്ടുസ്ഥലങ്ങളിൽ മാത്രമാണിപ്പോൾ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തതത് എങ്കിലും മറ്റു കർഷകരും ആശങ്കയിലാണ്.
കുട്ടനാട്ടിലെ കർഷകർക്ക് നെൽക്കൃഷിക്ക് പുറമേയുള്ള പ്രധാന ജീവനോപാധിയാണ് താറാവുകൃഷി. താറാവുകൾ മുട്ടയിടുന്ന സമയമാണിത്. മുട്ട വിൽപനയും ഇറച്ചിതാറാവുകളുടെ വിൽപനയും പൂർണമായും നിലച്ചിരിക്കുകയാണ്. കർഷകരും പനി ബാധയുടെ ഭീഷണി നേരിടുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ കൊന്ന താറാവിന്റെ കണക്കുവെച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകും. രോഗം സ്ഥിരീകരിക്കാതെ താറാവുകളെ കൊന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല. അതുവരെ ഇവക്ക് തീറ്റ നൽകേണ്ടിവരും.
വീടുകളിൽ താറാവിനെ വളർത്തി ചെറുകിട കച്ചവടം നടത്തുന്നവർ വരുമാനനഷ്ടമെന്ന ഭീതിയിലാണ്. ഒന്നിന് 24 രൂപനിരക്കിൽ വാങ്ങി വളർത്തുന്ന താറാവ്കുഞ്ഞുങ്ങളാണ് മൂന്നുമാസത്തിനുശേഷം ഇറച്ചിത്താറാവായി വിൽക്കുന്നത്. മുട്ടക്ക് പുറമെ ഇറച്ചി താറാവ് വിൽപനയും കർഷകരുടെ വരുമാന മാർഗമാണ്. വിൽക്കുമ്പോൾ താറാവൊന്നിന് കർഷകനു ലഭിക്കുന്നത് 200-250 രൂപയാണ്.
പ്രതിരോധനടപടികളുടെ ഭാഗമായി കൊന്നൊടുക്കുന്നവക്ക് വളർച്ചയനുസരിച്ച് 100, 200 രൂപയും മുട്ട ഒന്നിന് അഞ്ചുരൂപയുമാണ് കഴിഞ്ഞതവണ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷവും ഈ വർഷം ആദ്യവും ആയിരക്കണക്കിനു താറാവുകളെ രോഗംബാധിച്ച് കൊന്നൊടുക്കിയിരുന്നു. ഇവയുടെ നഷ്ടപരിഹാരംപോലും പലർക്കും ലഭിച്ചിട്ടില്ല.
ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടിടത്തും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നൊടുക്കി. 17,280 പക്ഷികളെയാണ് കൊന്നൊടുക്കിയത്. എടത്വയിൽ 5,355 പക്ഷികളെയും ചെറുതനയിൽ 11,925 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.
വീടുകള്‍ സന്ദര്‍ശിച്ചുള്ള സര്‍വേ പത്തു ദിവസം തുടരും. പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളുടെ കര്‍ഷകര്‍ക്കും വീട്ടുകാര്‍ക്കും പ്രതിരോധ മരുന്നുകളും മാസ്കുകളും നല്കി. ഇവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശിച്ചു.
പക്ഷിപ്പനിയിൽ തീവ്രത കൂടിയ വൈറസ് വിഭാഗമാണ് എച്ച് 5 എന്‍ 1. ഇതാണ് കുട്ടനാട്ടിലെ താറാവുകളിൽ കണ്ടെത്തിയിരിക്കുന്നത്. പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്.
വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീനുകളുടെ അടിസ്ഥാനത്തിലാണ് ഇവയെ ഉപയിനങ്ങളായി തരംതിരിച്ചിട്ടുള്ളത്. കുട്ടനാടന്‍ മേഖലയില്‍ പറന്നെത്തിയ ദേശാടന ജലപക്ഷികളാണ് വൈറസിന്റെ വാഹകരായതെന്നാണ് പ്രാഥമിക അനുമാനം. മനുഷ്യരിലേക്കും പടരാൻ സാധ്യതയുള്ള എച്ച് 5 എൻ1 വൈറസുകളാണ് താറാവുകളെ ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.