ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതുവരെ കൊന്നൊടുക്കിയത് 15,945 താറാവുകളെ. കള്ളിങ്ങിന് മുമ്പ് രോഗം ബാധിച്ച് ചത്തത് 2117 താറാവുകൾ. ജില്ലയിൽ രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിലെ 15,867 താറാവുകളെയാണ് കൊന്നത്. ഇതിനൊപ്പം പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിൽ വീടുകളിൽ വളർത്തിയിരുന്ന 78 കോഴികളെയും കൊന്നിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് പക്ഷിപ്പനി ബാധിച്ച് ചത്തത് 2117 താറാവാണ്. പള്ളിപ്പാട് അച്ചൻകുഞ്ഞിന്റെയും അമ്പലപ്പുഴ സ്വദേശി തുളസീദാസിന്റെയും താറാവുകളാണിത്. പ്രദേശത്ത് കള്ളിങ് നടപടികൾ തുടങ്ങുന്നതിന് മുമ്പ് അച്ചൻകുഞ്ഞിന്റെ 1400ഉം തുളസീദാസിന്റെ 657ഉം താറാവുകളാണ് ചത്തത്.
പിന്നാലെ ചെറുതന പുത്തൻപുരയിൽ ചാക്കോ വർക്കിയുടെ താറാവുകളും സമാന ലക്ഷണങ്ങളോടെ കൂട്ടത്തോടെ ചത്തു. സാമ്പിൾ ഭോപാലിലെ ലാബിലേക്ക് അയച്ചെങ്കിലും പരിശോധന ഫലം ലഭിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പക്ഷിപ്പനി വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. പക്ഷിപ്പനിക്ക് കാരണമായ വൈറസിന്റെ വ്യാപനശേഷി മുൻവർഷത്തേക്കാൾ കുറവാണ്. രോഗസാധ്യതയുള്ള മറ്റ് പ്രദേശങ്ങളിൽ വളർത്തുന്ന താറാവുകൾക്ക് മരുന്ന് നൽകിയപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രോഗസ്ഥിരീകരണത്തിന് കാലതാമസം ഒഴിവാക്കും -കേന്ദ്രസംഘം
പക്ഷിപ്പനി സ്ഥിരീകരിക്കാൻ കാലതാമസം ഒഴിവാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാറിന് സമർപ്പിക്കുമെന്ന് വിവരങ്ങൾ ശേഖരിക്കാനും പഠിക്കാനുമെത്തിയ കേന്ദ്രസംഘം. ബംഗളൂരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖല ഓഫിസിലെ സീനിയർ റീജനൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലെ പരിശോധന ഫലം പോസറ്റിവായാലുടൻ താറാവുകളെ കൊല്ലാൻ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതിക്കായി ശ്രമിക്കും.
നിലവിൽ ഭോപാലിലെ ലാബിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. കലക്ടർ വി.ആർ. കൃഷ്ണതേജയും പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം സംഘത്തെ അറിയിച്ചിരുന്നു. രോഗം ബാധിച്ച താറാവുകളുമായി ഇടപെട്ട ഉദ്യോഗസ്ഥർ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
ജില്ല മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡി.എസ്. ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയകുമാർ, ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ. ദീപ്തി, ജന്തുരോഗ നിയന്ത്രണ വിഭാഗം ജില്ല കോഓഡിനേറ്റർ ഡോ. സന്തോഷ് കുമാർ, ഡോ. വൈശാഖ്, ഡോ. അംബിക, ഡോ. കണ്ണൻ എന്നിവരും സംഘത്തിനൊപ്പമുണ്ടായി.
വിപണി തകർന്നു; ആധിയോടെ കർഷകർ
ആലപ്പുഴ: പക്ഷിപ്പനി മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന ആധിയിൽ കർഷകർ. ക്രിസ്മസ്, പുതുവത്സര വിപണി മുന്നിൽകണ്ട് വളർത്തിയ താറാവുകളെല്ലാം പക്ഷിപ്പനിയിൽ ഇല്ലാതാകുമെന്ന ഭീതിയിലാണ് പലരും. ജില്ലയിൽ ഹരിപ്പാട്, വഴുതാനം, പള്ളിപ്പാട് പ്രദേശങ്ങളിലാണ് രോഗം കണ്ടെത്തിയത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ഒരുകിലോമീറ്റർ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥ.
10 കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി ഉർപ്പെടെയുള്ള വളർത്തുപക്ഷികളെയും അവയുടെ മുട്ടയും ഇറച്ചിയും വിൽക്കരുതെന്നും നിർദേശമുണ്ട്. പ്രഭവകേന്ദ്രത്തിന് സമീപമുള്ള തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടികുളങ്ങര അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർ ദുരിതത്തിലാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ രോഗമുണ്ടെന്ന സൂചന വന്നതോടെ, കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ കർഷകർ ആധിയിലാണ്. വായ്പയെടുത്ത് താറാവ് കൃഷി നടത്തിയവർക്ക് മുടക്കിയ തുകപോലും തിരികെ കിട്ടില്ല എന്നതാണ് പ്രധാനപ്രശ്നം.
2014ലാണ് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതത്. അന്ന് സംസ്ഥാന സർക്കാർ വലിയ താറാവിന് 200ഉം 30 ദിവസത്തിൽ താഴെ പ്രായമുള്ള താറാവിന് 100 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുകയിൽ മാറ്റമില്ല. തുടർ വർഷങ്ങളിലും കുട്ടനാട് മേഖലയിൽ പക്ഷിപ്പനി ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മുൻവർഷങ്ങളിൽ ന്യായമായ നഷ്ടപരിഹാരം ലഭിക്കാതായതോടെ പകുതിയിലേറെ കര്ഷകരും താറാവുവളര്ത്തലിൽനിന്ന് പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.