ആലപ്പുഴ: സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ജീവനക്കാർ തമ്മിലെ പോര് രാജിയിൽ കലാശിച്ചു. ജില്ല ഓഫിസിലെ ക്ലർക്ക് പി.സുരേഷ്കുമാറാണ് രാജിവെച്ചത്.
ജില്ല സെക്രട്ടറി ആർ.നാസറിനും മറ്റ് 13 സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും പരാതി നൽകിയാണ് സുരേഷ് കുമാർ രാജിവെച്ചത്. ഓഫിസ് സെക്രട്ടറിയായ രാജശേഖരൻനായർക്കെതിരെയാണ് സുരേഷ് പരാതി നൽകിയത്. കാര്യങ്ങൾ നടക്കാൻ ഓഫിസ് സെക്രട്ടറിയെ വീട്ടിൽ ചെന്ന് കണ്ടാൽ മതിയെന്ന അവസ്ഥയാണ് പാർട്ടിയിൽ വന്നുചേർന്നിരിക്കുന്നതെന്ന് സുരേഷ് നൽകിയ പരാതിയിൽ പറയുന്നു. ജില്ല സെക്രട്ടറിയെ വീട്ടിൽ െചന്നുകാണുകയോ ഓഫിസിൽ വന്നു കാണുകയോ ചെയ്യേണ്ടവർ ഓഫിസ് സെക്രട്ടറിയെ കാണുന്നത് ദുരുദ്ദേശ്യപരമാണ്. പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമാണിതെന്നും രാജശേഖരെൻറ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻറുകൂടിയായപ്പോൾ ഭാര്യയും ഭർത്താവും ചേർന്ന് ജില്ലയെ നിയന്ത്രിക്കും വിധം കാര്യങ്ങൾ മാറിയെന്നും കുറ്റപ്പെടുത്തുന്നു.
ജില്ലയിലെ എല്ലാ കാര്യങ്ങളിലും പാർട്ടി സെക്രട്ടറിയെ മറികടന്ന് ഇവരുടെ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. നാഷനൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ട നിയമനങ്ങൾ, ഡി.എം.ഒ ഓഫിസുമായി ബന്ധപ്പെട്ട നിയമനങ്ങളും ട്രാൻസ്ഫറും എല്ലാം പാർട്ടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നടന്നു.
പാർട്ടിയുടെ താഴെത്തട്ടിൽനിന്ന് എത്തിയ അപേക്ഷകളെല്ലാം മാറ്റിെവച്ച് നിയമനങ്ങൾ നടന്നത് ഇടപെടലുകൾക്ക് ഉദാഹരണമാണ്. ഇത്തരം പ്രശ്നങ്ങൾ കാണിച്ച് പാർട്ടി ജില്ല സെക്രട്ടറി ആർ.നാസറിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിച്ചതാണ് സുരേഷ്കുമാറിെൻറ രാജിയിലേക്കെത്തിയതെന്നാണ് സൂചന. മാന്നാർ രക്തസാക്ഷി പുഷ്പസേനൻനായരുടെ മകനാണ് സുരേഷ്കുമാർ.
സജി ചെറിയാൻ ജില്ല സെക്രട്ടറിയായിരുന്നപ്പോഴാണ് സുരേഷ്കുമാറിനെ ഓഫിസിലേക്ക് നിയമിച്ചത്. അന്ന് മാന്നാർ ലോക്കൽ സെക്രട്ടറിയായിരുന്നു സുരേഷ്. ഓഫിസ് സെക്രട്ടറിയുടെ ചുമതലയുള്ള രാജശേഖരൻനായർ വരാതിരിക്കുന്ന ദിവസങ്ങളിൽ ആ ചുമതലയും സുരേഷാണ് നിർവഹിച്ചിരുന്നത്. എന്നാൽ, അടുത്തകാലത്തായി അത് നൽകാതായി. മാത്രമല്ല, പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സുരേഷിനോട് പറയരുതെന്ന് രാജശേഖരൻ നായർ നിർദേശിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. പാർട്ടിക്ക് അഭിമതമല്ലാത്ത പലകാര്യങ്ങളും ജില്ല സെക്രട്ടറിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ വിവരങ്ങൾ നൽകാൻ തയാറാണെന്നും സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നൽകിയ കത്തിൽ സുരേഷ് പറയുന്നു.
സുരേഷിെൻറ കത്തിനെക്കുറിച്ച് അറിയില്ലെന്നും എൻ.ജി.ഒ യൂനിയൻ നേതാവായിരുന്നതിനാൽ പാർട്ടി ഏൽപിച്ച ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറയുമെന്നുമാണ് രാജശേഖരൻനായരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.