ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവിസുകൾ പതിവായി മുടങ്ങുന്നത് കുട്ടനാട്ടുകാരെ വലക്കുന്നു. വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമാണ് നേരിടുന്നത്. ആലപ്പുഴ ജെട്ടിയിൽനിന്ന് പുറപ്പെടേണ്ട രണ്ട് ബോട്ട് തകരാറിലായിട്ടും പകരം സംവിധാനം ഒരുക്കാത്തതിൽ ക്ഷുഭിതരായ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ബോട്ട് പിടിച്ചുകെട്ടി പ്രതിഷേധിച്ചിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന ആലപ്പുഴ, മുഹമ്മ സ്റ്റേഷനുകളിലാണ് സർവിസ് മുടക്കം നിത്യസംഭവമായത്.
രാവിലെ ഓഫിസിൽ എത്തേണ്ട ഉദ്യോഗസ്ഥരും സ്കൂളിലെത്തേണ്ട വിദ്യാർഥികളുമാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ജോലിക്കാരും ആശുപത്രിയിൽ പോകുന്നവരും വിദ്യാർഥികളുമെല്ലാം ബോട്ട് സമയം കണക്കാക്കിയാണ് എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തുന്നത്. ബോട്ടിന്റെ സമയം തെറ്റുമ്പോൾ ഇവരുടെ എല്ലാ കണക്കുകൂട്ടലും താളംതെറ്റും. അപ്രതീക്ഷിതമായി ബോട്ട് സർവിസ് മുടങ്ങുമ്പോൾ ആകെ പ്രതിസന്ധിയിലാകുമെന്ന് കുട്ടനാട്ടിൽനിന്നുള്ള പതിവ് യാത്രക്കാർ പറയുന്നു.
ആലപ്പുഴ-കൃഷ്ണപുരം സൂപ്പർ എക്സ്പ്രസ്, മുഹമ്മ-കുമരകം ബോട്ടുകളാണ് പതിവായി അറ്റകുറ്റപ്പണിക്ക് കയറ്റുന്നത്. പലപ്പോഴും പകരം സംവിധാനം ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടാകുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്. മഴ ശക്തമാകുമ്പോൾ പല ബോട്ടിലും ചോർച്ചയുണ്ടാകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
കുട്ടനാട്ടിലെ വിവിധ തുരുത്തുകളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും ബോട്ടല്ലാതെ മറ്റ് യാത്രാമാർഗമില്ല. പലപ്പോഴും ഒന്നിലധികം ബോട്ടുകൾ തകരാറിലാകുന്നതോടെ ഇവിടത്തുകാർ യാത്രാമാർഗമില്ലാത്ത അവസ്ഥയിലാകും.
തകരാർമൂലം സർവിസ് നടത്താനാവാതെ വരുന്ന ബോട്ടിന് പകരം നൽകാൻ ബോട്ടില്ലാത്തതാണ് വർഷങ്ങളായി ജില്ലയിലെ ജലഗതാഗത വകുപ്പ് നേരിടുന്ന പ്രധാന പ്രതിസന്ധി. മറ്റ് സർവിസുകൾ വഴിതിരിച്ചുവിടുകയോ കൂടുതൽ പ്രദേശങ്ങളിലേക്കുകൂടി പോകാൻ ചുമതലപ്പെടുത്തുകയോ മാത്രമാണ് ഇപ്പോൾ സ്വീകരിക്കുന്ന പോംവഴികൾ. സ്റ്റേഷനുകളിൽ പുതിയ ബോട്ട് എത്തുമ്പോൾ കാലപ്പഴക്കം ചെന്ന പഴയവ കണ്ടം ചെയ്യുന്നതാണ് പതിവ്.
ഒരു ബോട്ട് പരമാവധി 20 വർഷമാണ് സർവിസ് നടത്തുക. കണ്ടം ചെയ്തതും, തകരാറുകൾ പരിഹരിക്കാനാവാതെ കിടപ്പിലായിപ്പോയതുമായ പതിനേഴോളം ബോട്ട് വർഷങ്ങളായി ആലപ്പുഴ ഡോക്ക് യാർഡിൽ കിടപ്പുണ്ട്. ഇവയുടെ ലേല നടപടികൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറയുമ്പോഴും നടപടികൾ എങ്ങുമെത്തിയിട്ടില്ല. നാല് ഫൈബർ ബോട്ട്, എട്ട് സ്റ്റീൽ ബോട്ട്, മൂന്ന് തടി ബോട്ട്, ഒരു സ്പീഡ് ബോട്ട് എന്നിവയാണ് തകരാറിലായി ഡോക്കിൽ കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.